മോഹൻലാൽ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ഹൃദയപൂർവ്വം’. ഇപ്പോഴിതാ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ നായികയായി മാളവിക മോഹനൻ എത്തുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മോഹൻലാലിനൊപ്പം മാളവിക അഭിനയിക്കുന്ന ആദ്യ സിനിമയാകും ഹൃദയപൂർവ്വം. നേരത്തെ ഐശ്വര്യ ലക്ഷ്മിയെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ നായികയാണ് മാളവിക. പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ്. പട്ടം പോലെ, ദി ഗ്രേറ്റ് ഫാദർ, നിർണായകം, ക്രിസ്റ്റി തുടങ്ങിയവയാണ് മാളവിക മുൻപ് മലയാളത്തിൽ അഭിനയിച്ച സിനിമകൾ.
ഹൃദയപൂർവ്വത്തിന്റെ ചിത്രീകരണം ഫെബ്രുവരി 10 ന് കൊച്ചിയിൽ ആരംഭിക്കും. മോഹൻലാൽ ഫെബ്രുവരി 14 ന് സിനിമയിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്നാണ് സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍. ‘നൈറ്റ് ഷിഫ്റ്റ്’ എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്.
സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്.
എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. 2015ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്.
അതേസമയം, തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തുന്ന ‘തുടരും’ ആണ് മോഹന്‍ലാലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ജനുവരി 30ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുക. ഇതിന് പിന്നാലെ മാര്‍ച്ച് 27ന് എമ്പുരാന്‍ തിയേറ്ററുകളിലെത്തും. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.