Celebrities

‘ആ സിനിമയുടെ പരാജയം എന്നെ ബാധിച്ചു; വിജയമാണ് സന്തോഷത്തിന്റെ മീറ്ററെങ്കിൽ ജീവിതം പോയി’: പെപ്പെ | peppe

പക്ഷെ കഷ്ടപ്പെട്ട് ഒരു കാര്യം ചെയ്ത് വർക്കായില്ലെങ്കിൽ ഉറപ്പായും വിഷമം തോന്നും

കൊണ്ടൽ എന്ന സിനിമയുടെ പരാജയത്തെ കുറിച്ച് പെപ്പെ. കുറച്ച് ദിവസം ഈ പരാജയം തന്നെ ബാധിച്ചിരുന്നെന്ന് ആന്റണി വർ​ഗീസ് പറയുന്നു. കടലിൽ ഇത്രയും ദിവസം എഫെർട്ട് എടുത്ത് ചെയ്തിട്ട് നമുക്കൊരു എക്സ്പെക്ടേഷൻ ഉണ്ടായിരുന്നു. നൂറ് ശതമാനം ​ഗ്യാരണ്ടി എല്ലാത്തിനും പറയാനാകില്ലെന്ന് തിരിച്ചറിഞ്ഞു. വിജയമാണ് സന്തോഷത്തിന്റെ മീറ്ററെങ്കിൽ ജീവിതം പോയി. പക്ഷെ കഷ്ടപ്പെട്ട് ഒരു കാര്യം ചെയ്ത് വർക്കായില്ലെങ്കിൽ ഉറപ്പായും വിഷമം തോന്നും. പുറമേക്ക് വിഷമം പറഞ്ഞില്ലെങ്കിലും ഉള്ളിലുണ്ടാകുമെന്നും ആന്റണി വർ​ഗീസ് വ്യക്തമാക്കി. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സിനിമാ താരമായതിന്റെ ചില മോശം വശങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ.

പെപെ കരിയറിൽ ഒരു ഘട്ടത്തിൽ വിവാദത്തിലകപ്പെട്ടിരുന്നു. സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ് ആന്റണിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചത്. നിർമാതാവിൽ നിന്നും പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി ചിത്രീകരണത്തിന് 18 ദിവസം മുമ്പ് നടൻ പിന്മാറിയെന്നും ഈ പണം ഉപയോ​ഗിച്ച് പെങ്ങളുടെ കല്യാണം നടത്തിയെന്നുമായിരുന്നു ആരോപണം. പിന്നാലെ ആരോപണം നിഷേധിച്ച് ആന്റണി വർ​ഗീസ് രം​ഗത്ത് വന്നു.

ഒരു പ്രശ്നം വരുമ്പോൾ ഏറ്റവും കൂടുതൽ അക്രമിക്കപ്പെടുന്നത് നമ്മളായിരിക്കും. ഞാൻ‌ അങ്ങനെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ചുറ്റും നിൽക്കുന്ന ആൾക്കാരും ആക്രമിക്കപ്പെടും. അവരുടെ ഇൻസ്റ്റ​ഗ്രാമിൽ വളരെ മോശം രീതിയിലുള്ള കമന്റുകൾ വരും. എന്താണ് യാഥാർത്ഥ്യമെന്ന് മനസിലാക്കാതെ കുറപ്പെടുത്തുമെന്നും ആന്റണി വർ​ഗീസ് പറയുന്നു. നമ്മൾ നമ്മുടെ ഭാ​ഗം പറഞ്ഞ് പ്രതികരിക്കുമ്പോൾ ഈ ആൾക്കാർ തന്നെ തിരിച്ച് പറയും. നമുക്ക് സങ്കടം വരും.

പെങ്ങളുടെ പേജിലൊക്കെ വന്ന് ഓരോ കമന്റിടും. അത് വല്ലാതെ ബാധിക്കും. എന്നെ തെറി വിളിച്ചാൽ ബാധിക്കില്ല. സ്ഥിരം കിട്ടുന്നതാണെന്നും ആന്റണി വർ​ഗീസ് പറഞ്ഞു. മറ്റൊരു കാര്യം സമാധാനം ഉണ്ടാകില്ല എന്നതാണ്. സ്ട്രസ് ഇതിന്റെ ഭാ​ഗമായി എപ്പോഴും ഉണ്ടാകും. പണ്ട് അങ്ങനെയായിരുന്നില്ല. എല്ലാവരിലേക്കും നമുക്ക് എത്താൻ പറ്റില്ല. അതിന്റേതായ പ്രശ്നങ്ങളുണ്ടാകും.

പേഴ്സണൽ പ്രശ്നങ്ങളുണ്ടാകും. അത് നേരിടുന്ന സമയത്തായിരിക്കും ബാക്കിയുള്ള കോളുകൾ വരുന്നത്. അതും ഇതുമെല്ലാം കുഴഞ്ഞ് മറിഞ്ഞ് ചില സമയത്ത് ഭ്രാന്താകും. എങ്ങോട്ടേക്കെങ്കിലും ഓടി രക്ഷപ്പെട്ടാലോ എന്ന് ആ സമയങ്ങളിൽ തോന്നിപ്പോകുമെന്നും ആന്റണി വർ​ഗീസ് വ്യക്തമാക്കി. ഈ പ്രൊഫഷന് നല്ല വശവും മോശം വശവുമുണ്ടെന്നും ആന്റണി വർ​ഗീസ് ചൂണ്ടിക്കാട്ടി.

content highlight: peppe about kondal