Kasargod

ശബരിമല യാത്രയ്ക്കിടെ സഹയാത്രികന്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് തിരുകിയ സംഭവം പ്രതി പിടിയിൽ – fake currency in passengers coat arrested

ശബരിമലയിലേക്ക് പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികൻ്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് തിരുകി സംഭവത്തിൽ പ്രതി അറസ്റ്റിൽ. കളനാട് ബാല​ഗോപാല ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കിഷോർ കുമാറാണ് അറസ്റ്റിലായത്.

ജനുവരി ആറിന് പാലക്കുന്നിലെ മൊബൈൽ കടയിൽ ഫോണിന്റെ ഡിസ്പ്ലേ മാറ്റാൻ കിഷോറിന്റെ സുഹൃത്ത് വിനോദ് 500 ൻ്റെ നാല് നോട്ടുകൾ നൽകിയിരുന്നു. ഇത്​ കള്ളനോട്ടാണെന്ന്​ കണ്ടെത്തിയ കടയുടമ വിനോദിൻ്റെ പേരിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ വിനോദിന്​ കള്ളനോട്ടു സംഘവുമായി ബന്ധമില്ലെന്ന്​​ വ്യക്​തമായതോടെ കേസ്​ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

വിനോദും കിഷോർ കുമാറും ഉൾപ്പെട്ട സംഘം ശബരിമലയിൽ​ പോയി തിരിച്ചുവന്നശേഷമാണ്​ മൊബൈൽ കടയിൽ നോട്ട്​ നൽകിയത്. ഇത് മനസ്സിലാക്കിയ പൊലീസ്​ സംഘം വിനോദിനൊപ്പം ശബരിമലയ്ക്ക്​ പോയവരെക്കുറിച്ച്​ അന്വേഷണം നടത്തി.ഇതിനിടെയാണ് കിഷോർ കുമാറിനെ കുറിച്ച് പോലീസിന്​ രഹസ്യ വിവരം ലഭിക്കുന്നത്. നാലുമാസം മുമ്പ്​ മംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് ചെർക്കളയിൽനിന്ന്​ 500ൻ്റെ നാനൂറിലേറെ കള്ളനോട്ടുകളും കള്ളനോട്ട് അച്ചടിയന്ത്രവും പിടികൂടിയ കേസിൽ കിഷോർ കുമാർ നേരത്തെ അറസ്റ്റിലായിരുന്നു.

ശബരിമല ദർശനത്തിനിടെ​ പമ്പയിൽ ഇവർ താമസിച്ച സ്ഥലങ്ങൾ പോലീസ് പരിശോധിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കിഷോർ കുമാർ വിനോദിൻ്റെ ഇരുമുടിക്കെട്ടിൽ താൻ കള്ളനോട്ട്​ തിരുകിയെന്ന് സമ്മതിക്കുകയുമായിരുന്നു. കൂടാതെ വിനോദിൻ്റെ ഇരുമുടിക്കെട്ടിലുണ്ടായിരുന്ന 10,000 രൂപയുടെ കെട്ടിൽ ഏഴ് 500ൻ്റെ കള്ളനോട്ടുകൾ തിരുകി ഒറിജിനൽ എടുത്തുവെന്നും പ്രതി പറഞ്ഞു. കിഷോർ കുമാറിൻ്റെ വീട്ടിലെ കക്കൂസ് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോൾ ടാങ്കിൽ ദ്രവിച്ച് തുടങ്ങിയ പ്രിന്റിങ്​ മെഷീന്റെ ഭാഗങ്ങൾ കണ്ടെടുത്തു. പ്രതിയെ ഹോസ്ദുർ​ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

STORY HIGHLIGHT: fake currency in passengers coat arrested