തെന്നിന്ത്യൻ താരം നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ഡോക്യുമെന്ററി വിവാദത്തിൽ നെറ്റ്ഫ്ലിക്സിന് തിരിച്ചടി. ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. പകർപ്പാവകാശ ലംഘന കേസിൽ ധനുഷിന്റെ പരാതി നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പകർപ്പവകാശ നിയമത്തിന്റെ പരിധിയിൽ ധനുഷിന്റെ ഹർജി വരില്ല, ധനുഷിന്റെ കമ്പനി ഓഫീസ് കാഞ്ചീപുരം ആണ് അതിനാൽ മദ്രാസ് ഹൈക്കോടതി പരിഗണിക്കരുത് എന്നിങ്ങനെ രണ്ട് വാദങ്ങളായിരുന്നു പ്രധാനമായും നെറ്റ്ഫ്ലിക്സ് ഉയർത്തിയത്. ഈ വാദങ്ങളാണ് കോടതി തള്ളിയത്. കേസിൽ ഫെബ്രുവരി അഞ്ചിന് മദ്രാസ് ഹൈക്കോടതി വാദം കേൾക്കും.
ധനുഷ് നിർമിച്ച നാനം റൗഡി താൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ നയൻതാരയുടെ ജീവിതം പ്രമേയമാക്കിയുള്ള ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് ആണ് മദ്രാസ് ഹൈക്കോടതയെ സമീപിച്ചത്. നയൻതാരയുടെ ഡോക്യുമെൻ്ററിയിലെ വിവാദ ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷ് നേരത്തെ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഈ നിയമ നടപടി. നവംബർ 16ന് നയൻതാര തനിക്ക് ധനുഷ് വക്കീൽ നോട്ടീസ് അയച്ചതിനും 10 കോടി രൂപ ആവശ്യപ്പെട്ടതിനും ധനുഷിനെതിരെ ആഞ്ഞടിച്ചു. തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നടി ഒരു നീണ്ട പ്രസ്താവന പുറത്തിറക്കി. പിന്നാലെയാണ് കാര്യങ്ങൾ കൂടുതൽ വിവാദത്തിലേക്കും കേസിലേക്കും കടന്നത്. ഇതോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ മറ്റൊരു ഹർജി കൂടി നൽകുകയായിരുന്നു.
കഴിഞ്ഞ വർഷം നവംബർ 18നാണ് ഡോക്യുമെൻ്ററി പുറത്തിറങ്ങിയത്. ഏഴ് ദിവസത്തിന് ശേഷമാണ് ധനുഷ് ഇങ്ങനെയൊരു ഹർജി നൽകിയതെന്ന തരത്തിലുള്ള കാര്യങ്ങൾ ആയിരുന്നു നെറ്റ് ഫ്ലിക്സ് ചൂണ്ടിക്കാട്ടിയത്. സിനിമ ഷൂട്ട് ചെയ്തത് പോണ്ടിച്ചേരിയിലും ചെന്നൈയിലുമാണ്. നയന്‍താരയുമായി കരാന്‍ ഒപ്പിടുമ്പോള്‍ ധനുഷിന്‍റെ കമ്പനിയുടെ ഓഫീസ് ചെന്നൈയില്‍ ആയിരുന്നു. നയന്‍താര സിനിമയില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈല്‍ അടക്കമുള്ള കാര്യങ്ങള്‍ പകര്‍പ്പവകാശത്തിന്‍റെ പരിതിയില്‍ വരുമെന്നും അതുകൊണ്ട് ഈ ഹര്‍ജി പരിഗണിക്കുമെന്നുമായിരുന്നു ധനുഷിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് മദ്രാസ് ഹൈക്കോടതി നെറ്റ്ഫ്ലിക്സിന്‍റെ ഹര്‍ജി തള്ളിയത്.