അക്ഷയ് കുമാര്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് സ്‍കൈ ഫോഴ്‍സ്. 1965-ലെ ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ആദ്യത്തെ എയര്‍സ്ട്രൈക്കിന്‍റെ കഥയാണ് ചിത്രം പറയുന്നത്. വൈകാരികതയും ദേശ സ്നേഹവും ചേര്‍ത്താണ് ചിത്രത്തിന്റെ അവതരണം. അക്ഷയ് കുമാർ ഫൈറ്റര്‍ പൈലറ്റായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ബോളിവുഡില്‍ വന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന അക്ഷയ് കുമാറിന് വന്‍ ആശ്വാസമാണ് ഈ ചിത്രം ബോക്സോഫീസില്‍ നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബോക്സോഫീസിൽ തുടരെ തുടരെ തോൽവികൾ നേരിട്ട അക്ഷയ്കുമാർ ഒടുവിൽ തിരിച്ചുവരവിന്റെ പാതയിലെത്തിയിരിക്കുന്നു.
സ്‍കൈ ഫോഴ്‍സ് ആഗോളതലത്തില്‍ 89.5 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തിൽ പുറത്തിറങ്ങിയ സ്കൈ ഫോഴ്സ് മൂന്നു ദിവസം കൊണ്ട് 61.75 കോടി സ്വന്തമാക്കി. ആദ്യ ദിനം 12.25 കോടിയായിരുന്നു കളക്ഷനെങ്കിൽ രണ്ടാം ദിനം ഇത് 22 കോടിയായി ഉയർന്നു. മൂന്നാം ദിനമായ ഞായറാഴ്ചയും കളക്ഷൻ കുതിച്ചു. 27.50 കോടിയാണ് ചിത്രം അന്ന് നേടിയത്. അതേ സമയം അവസാനം ഇറങ്ങിയ പല അക്ഷയ് കുമാര്‍ ചിത്രങ്ങളുടെ ലൈഫ് ടൈം കളക്ഷനെക്കാള്‍ കൂടുതല്‍ ഇതുവരെ സ്കൈ ഫോഴ്സ് നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
നിരവധി പേരാണ് അക്ഷയ് കുമാര്‍ ചിത്രം കണ്ട് സമൂഹ മാധ്യമങ്ങളില്‍ എഴുതിയിരിക്കുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് സ്‍കൈ ഫോഴ്‍സെന്നാണ് പലരുടെയും അഭിപ്രായം. അക്ഷയ് കുമാറിന്റ മികച്ച പ്രകടനമാണ് ചിത്രത്തിലെ പ്രധാന ഘടകം എന്നിങ്ങനെ നീളുന്നു പ്രശംസ.
ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്. സാറാ അലി ഖാനും കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ തുടങ്ങിയവരും ഉണ്ട്. തനിഷ്‍ക ഭാഗ്‍ചിയാണ് സംഗീത സംവിധാനം. പിവിആര്‍ ഐനോക്സ് പിക്ചേഴ്‍സാണ് വിതരണം.