ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തിയേറ്ററുകളിൽ തരംഗം തീർത്തതിന് പിന്നാലെ ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഉണ്ണി മുകുന്ദൻ ഫാൻസ് ആണ്. മലയാള സിനിമാ ചരിത്രത്തിൽ തന്നെ 100 കോടിയിൽ അധികം കളക്ഷൻ നേടിയ ആദ്യ എ സർട്ടിഫിക്കറ്റ് ചിത്രമാണ് മാർക്കോ. മാർക്കോയിലെ ഗംഭീര പ്രകടനത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്റ സോഷ്യൽമീഡിയ പേജുകളിൽ വരുന്ന ഓരോ പോസ്റ്റുകൾക്കും ലഭിക്കുന്നത് വലിയ പ്രശംസയാണ്. പാൻ ഇന്ത്യൻ ലെവലിൽ വളർന്ന ഉണ്ണി മുകുന്ദൻ എന്ന നടനിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. അടുത്ത ഉണ്ണിയുടെ ചിത്രം ഏതാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇതിനിടെ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വലിയ രീതിയിൽ ചർച്ചയാവുകയാണ്. ML 2255 എന്ന നമ്പറുള്ള സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രമാണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. സ്പെഷ്യൽ ആയ ഒരു കാര്യം വരാനിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാപ്ഷനിൽ സ്പെഷ്യലിൽ L എന്നത് വലിയ അക്ഷരത്തിൽ കട്ടികൂട്ടിയാണ് എഴുതിയിരിക്കുന്നത്. ഇതാണ് പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണർത്തിയത്.
അടുത്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനും മോഹൻലാലും ഒന്നിച്ച് എത്തും എന്ന പ്രതീക്ഷയാണ് പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ പറയുന്നത്. ഉണ്ണി മുകുന്ദന്റേതായി അടുത്ത പുറത്തിറങ്ങാനിരിക്കുന്ന സിനിമയായ ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ പോസ്റ്റ് എന്നും ഒരു വിഭാഗം കമന്റ് ചെയ്യുന്നുണ്ട്. ഗെറ്റ് സെറ്റ് ബേബി എന്ന ഹാഷ്ടാഗ് പോസ്റ്റിലുള്ളതാണ് ഈ നിരീക്ഷണത്തിന് കാരണം. കിളി പോയി, കോഹിനൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. നിഖില വിമൽ, ചെമ്പൻ വിനോദ്, സുരഭി ലക്ഷ്മി, ജോണി ആൻ്റണി, സുധീഷ്, ശ്യാം മോഹൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു കോമഡി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ ഉടൻ പുറത്തിറങ്ങും.