‘എസ്എസ്എംബി 29’ എന്ന എസ്.എസ്.രാജമൗലി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിൽ മഹേഷ് ബാബുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് വില്ലൻ വേഷത്തിൽ എത്തുമെന്നായിരുന്നു അടുത്ത കാലത്തായി പുറത്തുവന്ന സിനിമയുടെ റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. എന്നാൽ ആ കഥാപാത്രം പൃഥ്വിരാജിന് നഷ്ടമായി എന്നതാണ് ഏറ്റവും പുതിയ വിവരം. പകരം ബോളിവുഡ് നടൻ ജോണ്‍ എബ്രഹാമായിരിക്കും ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അപ്രതീക്ഷിതമായ ചില കാരണങ്ങൾക്കൊണ്ട് പൃഥ്വിരാജിന് ചിത്രത്തിന്റെ ഭാഗമാക്കാൻ സാധിക്കില്ല. അതിനാൽ പൃഥ്വിരാജിന് കരുതിവെച്ചിരുന്ന റോളിലേക്ക് ജോൺ എബ്രഹാമിനെ പരിഗണിച്ചു. സിനിമയിലെ നായികയായ പ്രിയങ്ക ചോപ്രയുമായുള്ള ജോൺ എബ്രഹാമിന്റെ ചില രംഗങ്ങള്‍ ഹൈദരാബാദിൽ ഉടൻ ചിത്രീകരിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. മലയാളി സിനിമാ പ്രേക്ഷകർക്ക് വലിയ നിരാശയാണ് ഈ വാർത്ത. എന്തുകൊണ്ട് പൃഥ്വിരാജിനെ ഒഴിവാക്കി എന്നതിൽ വലിയ ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എന്തായാലും 1000 കോടി ബജറ്റിലാണ് ‘എസ്എസ്എംബി 29’ എന്ന രാജമൗലി ചിത്രം ഒരുങ്ങുന്നത്.
മഹേഷ് ബാബു നായകനായി ഒടുവില്‍ വന്നത് ഗുണ്ടുര്‍ കാരമാണ്. ഗുണ്ടുര്‍ കാരം ആഗോളതലത്തില്‍ 170.50 കോടി മാത്രമാണ് നേടിയത്. മഹേഷ് ബാബു നിറഞ്ഞാടുന്ന ഒരു ചിത്രമാണ് ഗുണ്ടുര്‍ കാരം എന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് ആ ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ എത്തിയപ്പോള്‍ ആകെ ബജറ്റ് 200 കോടി ആയിരുന്നു.