ബോളിവുഡ് സൂപ്പർ താരം വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഛാവ. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സംഭാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രമാണ് ഛാവ. ചിത്രത്തിൽ ഛത്രപതി സംഭാജിയുടെ വേഷമാണ് വിക്കി കൗശൽ അവതരിപ്പിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ ഫെബ്രുവരി 14 ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ഇതിനിടെയാണ് ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ ചൂടുപിടിച്ചത്.
സിനിമയില്‍ പുറത്തുവന്ന ടീസറിലെ നൃത്തം ചെയ്യുന്ന ഒരു രംഗം ഉദ്ധരിച്ച് മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്താണ് ചിത്രത്തിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയത്. ഈ രംഗം നീക്കം ചെയ്യണമെന്നും, ചരിത്രകാരന്മാരെയും പണ്ഡിതന്മാരെയും സിനിമ ആദ്യം കാണിക്കണമെന്നും അവർ എതിർപ്പ് ഉന്നയിച്ചാൽ ഞങ്ങൾ അത് റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഛാവയുടെ സംവിധായകൻ ലക്ഷ്മൺ ഉടേകർ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ചിത്രത്തിലെ വിവാദമായ രംഗം ഒരു ചെറിയ നൃത്ത സീക്വൻസ് മാത്രമാണെന്നും ഛത്രപതി സംഭാജി മഹാരാജിൻ്റെ പാരമ്പര്യത്തേക്കാൾ വലുതായി ഒന്നുമില്ലെന്നാണ് സംവിധായകന് പറയുന്നത്. മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ചിത്രത്തിലെ നൃത്ത രംഗം നീക്കം ചെയ്യുമെന്ന് സംവിധായകന് അറിയിച്ചു.
‘ഞാൻ രാജ് താക്കറെയെ കണ്ടു. അദ്ദേഹം ഒരു നല്ല വായനക്കാരനും മറത്ത ചരിത്രം അറിയുന്ന വ്യക്തിയുമാണ്. അതിനാൽ ഞാൻ അദ്ദേഹത്തിൽ നിന്ന് ചില നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സ്വീകരിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ എനിക്ക് വളരെ സഹായകരമാണെന്ന് എന്ന് പറയാം. അദ്ദേഹത്തെ കണ്ടതിന് ശേഷം, ഞാൻ ഇപ്പോള്‍ തര്‍ക്കം വന്ന രംഗം സിനിമയില്‍ നിന്ന് നീക്കാൻ തീരുമാനിച്ചു. സംഭാജി മഹാരാജ് ലെസിം നൃത്തം കളിക്കുന്ന രംഗങ്ങള്‍ ഇനി കാണില്ല’. സംവിധായകൻ പ്രസ്താവനയിൽ പറഞ്ഞു.
രശ്മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിക്കുന്നത്.