Celebrities

വൈറല്‍ മൊണാലിസ പത്ത് ദിവസം കൊണ്ട് സമ്പാദിച്ചത് 10 കോടി രൂപ ? കുടുംബം സമ്മതിച്ചാല്‍ സിനിമയിലേക്കും | kumbh mela monalisa movie acting

പെൺകുട്ടിയെ വ്ലോഗർമാർ വളഞ്ഞതോടെ അവളുടെ പിതാവ് തിരിച്ച് നാട്ടിലേക്ക് അയക്കുകയായിരുന്നു

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേള പല കാരണങ്ങളാൽ വാർത്തകളിൽ നിറയുന്നുണ്ട്. അതിൽ ഒന്നാണ് മൊണാലിസ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നെത്തിയ മോണി ബോസ്ലെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. രുദ്രാക്ഷമാലകള്‍ വില്‍ക്കാനെത്തിയതാണ് മോണി ബോസ്ലെ. മൊണാലിസ എന്ന പേരിലാണ് ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.

ഇപ്പോഴിതാ മൊണാ ലിസയുടെ വരുമാനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പത്ത് ദിവസം കൊണ്ട് 10 കോടി രൂപയാണ് മൊണാ ലിസ സമ്പാദിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പറയുന്നത്. സത്യമാണോ നുണയാണോ എന്നറിയാതെ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പടർന്നു പിടിക്കുന്നുമുണ്ട്. എന്നാൽ ഈ പ്രചരണം നുണയാണെന്നാണ് മൊണാലിസ വ്യക്തമാക്കുന്നത്. അത്രയും രൂപ വരുമാനമുണ്ടെങ്കിൽ പിന്നെ ഞാനെന്തിനാണ് ഇവിടെ കഴിയുന്നത്? എന്തിനാണ് മുത്തുമാലകൾ വിൽക്കുന്നത്? എന്നാണ് മൊണാലിസ ചോദിക്കുന്നത്.

കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കാനെത്തിയ പെൺകുട്ടിയെ വ്ലോഗർമാർ വളഞ്ഞതോടെ അവളുടെ പിതാവ് തിരിച്ച് നാട്ടിലേക്ക് അയക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ മൊണാലിസയുടെ ചിത്രങ്ങളും വിഡിയോയും അഭിമുഖങ്ങളും ഇപ്പോഴും സൂപ്പർഹിറ്റാണ്. തന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷയെ കരുതി നാട്ടിലേക്ക് തിരിച്ചെത്തി. പറ്റിയാൽ അടുത്ത മാസം വീണ്ടും പ്രയാഗ്‌രാജിലെത്തുമെന്നാണ് മൊണാലിസ സമൂഹമാധ്യമങ്ങളിൽ‌ കുറിച്ചിരിക്കുന്നത്. കുടുംബം അനുവദിക്കുകയാണെങ്കില്‍ തീര്‍ച്ചയായും താന്‍ സിനിമയില്‍ അഭിനയിക്കുമെന്നായിരുന്നു ‘മൊണാലിസ’ പറഞ്ഞത്.

അതേസമയം, അടുത്തിടെ സിനിമയില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് മൊണാലിസ വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷം മുംബൈയില്‍നിന്നുള്ള ചില സിനിമാപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നതായാണ് സൂചന. ഇതും മൊണാലിസ പെട്ടെന്ന് കുംഭമേളയില്‍നിന്ന് മടങ്ങാന്‍ കാരണമായെന്നും അഭ്യൂഹങ്ങളുണ്ട്.

അഞ്ച് സഹോദരങ്ങളില്‍ ഏറ്റവും ഇളയ ആളാണ് മൊണാലിസ. രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമാണ് മൊണാലിസയുടെ മൂത്തവര്‍. സഹോദരങ്ങളെയും കുടുംബത്തെയും പിന്തുണയ്ക്കുന്നതിനായാണ് വിദ്യാഭ്യാസം ഉപേക്ഷിച്ച് വീട്ടുജോലി ഉള്‍പ്പെടെ ഏറ്റെടുത്തതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

CONTENT HIGHLIGHT: kumbh mela monalisa movie acting