ബഹിരാകാശ മേഖലയിൽ സെഞ്ച്വറിയടിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെൻ്ററിലെ നൂറാം വിക്ഷേപണവും വിജയകരമായി. ഐഎസ്ആർഒയുടെ നാവിക് ഉപഗ്രഹ ശ്രേണിയിൽ ഉൾപ്പെട്ട രണ്ടാമത്തെ ഉപഗ്രഹമായ NVS 02 നെ ഭ്രമണപഥത്തിലെത്തിച്ചു. ജി.പി.എസിന് ബദലായി ഇന്ത്യ കൊണ്ടുവരുന്ന നാവിക് സംവിധാനത്തിൻ്റെ ഭാഗമാണ് ഈ ഉപഗ്രഹം.
ഇന്ത്യൻ ബഹിരാകാശ മേഖലയുടെ അഭിമാനമായ സതീഷ് ധവാൻ സ്പെയ്സ് സെൻ്റിൽ നിന്നുള്ള നൂറാമത് വിക്ഷേപണവും വിജയകരം. ഇന്ത്യൻ ഗതി നിർണയ സംവിധാനമായ നാവിക് സിയുടെ ഭാഗമായ എൻവിഎസ് 2 ഉപഗ്രഹത്തെ GSLV F15 ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23 നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്ന് NVS 02 നെ വഹിച്ചുകൊണ്ട് GSLV F 15 കുതിച്ചുയർന്നത്. കൃത്യം 19 മിനിറ്റിൽ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഐഎസ്ആർഒ ചെയർമാനായി വി.നാരായണൻ ചുമതലയേറ്റ ശേഷമുള്ള ആദ്യ ദൗത്യം കൂടിയായിരുന്നു NVS 02ൻ്റേത്.
ജിപിഎസിന് സമാനമായി സ്റ്റാൻഡേർഡ് പൊസിഷനിങ് സർവീസ് എന്ന ദിശ നിർണയ-സേവനം നൽകുന്നതാണ് നാവിക് ഉപയോഗിച്ചാണ്. ഇന്ത്യയും രാജ്യത്തിന്റെ അതിർത്തിയിൽ നിന്ന് 1500 കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും നാവികിന്റെ പരിധിയിൽ വരുന്നതാണ്. കിലോഗ്രാമാണ് ഉപഗ്രഹത്തിൻ്റെ ഭാരം. എല്ലാത്തരം ഗതാഗത സംവിധാനങ്ങൾക്കും ലൊക്കേഷൻ അധിഷ്ടിത സേവനങ്ങൾക്കും നാവിക് ഗുണം ചെയ്യും . രാജ്യത്തെ മത്സ്യ ബന്ധന ബോട്ടുകൾക്കും കപ്പലുകൾക്കും വാണിജ്യ വാഹനങ്ങൾക്കും ഇതിനോടകം തന്നെ നാവിക് ലഭ്യമായിട്ടുണ്ട്. ഇന്ത്യയുടെ നാവിഗേഷൻ സേവനങ്ങളിൽ സ്വാശ്രയത്തിലേയ്ക്കുള്ള സുപ്രധാനമായ ചുവടുവെയ്പ്പ് കൂടിയാണ് നാവിക് ഉപഗ്രഹ സംവിധാനം.