തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയുടെ വിവാഹ വാര്‍ത്ത ആരാധകർ കാത്തിരിക്കുകയാണ്. നടന്‍ വിജയ് വര്‍മ്മയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു. പല വേദികളിലും ഇരുവരും ഒന്നിച്ചെത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകരും ഉറപ്പിച്ചു. അതിന് പിന്നാലെയാണ് തമന്നയും വിജയ് വര്‍മ്മയും ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ വന്നത്. എന്നാൽ വിവാഹവാർത്തയ്ക്ക് പകരം തമന്നയും വിജയ് വർമയും ബന്ധം പിരിയുകയാണെന്ന അഭ്യൂഹങ്ങൾ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.
തമന്ന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണു സ്ഥിരീകരിച്ചിട്ടില്ലാത്ത ഈ വാർത്തയ്ക്കു പിന്നിൽ. ‘സ്നേഹിക്കുക എന്നതാണ് സ്‌നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം’ എന്ന് തുടങ്ങുന്ന തമന്നയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി നിമിഷനേരംകൊണ്ടാണ് വൈറലായത്. തമന്നയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇരുവരുടെയും ബ്രേക്കപ്പിലേക്കുള്ള സൂചനയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒന്നും വ്യക്തമാക്കാതെയുള്ള പോസ്റ്റാണ് തമന്ന പങ്കുവച്ചിരിക്കുന്നത്.
‘സ്നേഹിക്കുക എന്നതാണ് സ്‌നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം. താൽപ്പര്യം കാണിക്കുക എന്നതാണ് നമ്മില്‍ താല്‍പര്യമുണ്ടാകുന്നതിന് പിന്നിലെ രഹസ്യം. മറ്റുള്ളവരുടെ സൗന്ദര്യം കണ്ടെത്തുക എന്നതാണ് നിങ്ങളിലെ സൗന്ദര്യം മറ്റുള്ളവര്‍ കണ്ടെത്തുന്നതിന് പിന്നിലെ രഹസ്യം. നല്ലൊരു സുഹൃത്തായിരിക്കുക എന്നതാണ് ഒപ്പം ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നതിന്‍റെ രഹസ്യം,’ എന്നാണ് തമന്ന കുറിച്ചത്.
2023ല്‍ പുറത്തുവന്ന ലസ്റ്റ് സ്റ്റോറീസ് 2 എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഇരുവരും അടുക്കുന്നത്. ചിത്രത്തിലെ കെമിസ്ട്രി ജീവിതത്തിലും വര്‍ക്കായി. അഭിമുഖങ്ങളില്‍ പ്രണയത്തിന്‍റെ സൂചനകള്‍ തമന്ന പരസ്യമായി നല്‍കുകയും താനിപ്പോള്‍ വളരെ സന്തോഷത്തിലാണെന്ന് പറയുകയും ചെയ്തിരുന്നു. ഉടനെ തന്നെ ഇരുവരും വിവാഹിതരാവുമെന്ന അഭ്യൂഹങ്ങള്‍ വരെ പരന്നിരുന്നു.
തമന്നയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി വിജയ് വെളിപ്പെടുത്തിയത് യുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു. ‘എനിക്ക് വികാരങ്ങളെ താഴിട്ട് പൂട്ടിവയ്ക്കാനാവില്ല’ എന്ന മുഖവുരയോടെയാണ് വിജയ് വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു, ഒന്നിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ മറച്ചുവയ്ക്കാന്‍ എന്തിരിക്കുന്നു? ഒരു ബന്ധം രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ വലിയ കഷ്ടപ്പാടാണ്. ഒന്നിച്ചൊന്ന് പുറത്തുപോകാന്‍ കഴിയില്ല. കൂട്ടുകാര്‍ക്കൊപ്പം പോയാല്‍ അവരോടൊപ്പം ഞങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോ എടുക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. എനിക്ക് അത്തരം നിയന്ത്രണങ്ങളോട് താല്‍പര്യമില്ല.’
‘മറ്റുള്ളവര്‍ എന്തുചെയ്യുന്നു, അവരുടെ ജീവിതം എങ്ങനെയാണ് എന്നതിലാണ് സമൂഹം ശ്രദ്ധ ചെലുത്തുന്നത്. എല്ലായിടത്തും ഒരു ‘പരദൂഷണ അമ്മായി’ ഉണ്ടെന്ന് ചുരുക്കം. അവര്‍ക്ക് എല്ലാവരുടെയും ബന്ധങ്ങള്‍ കണ്ടുപിടിക്കലും പ്രചരിപ്പിക്കലുമാണ് പണി. ഒരുതരം രോഗമായി ഇത് പടരുകയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍, നമുക്ക് ഒന്നും ചെയ്യാനില്ല എന്നുവേണം പറയാന്‍. പറഞ്ഞാലും ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. എന്‍റെ ജോലി ഞാന്‍ നന്നായി ചെയ്യുന്നു. അത് പ്രശംസിക്കപ്പെടുന്നു. ജോലിയാണ് ഏറ്റവും പ്രധാനം. അത് ഭംഗിയായി തന്നെ കൊണ്ടുപോകുന്നു. മറ്റൊന്നും എന്നെ ബാധിക്കുന്ന ചര്‍ച്ചകളെയല്ല’ – വിജയ് വര്‍മ പറഞ്ഞു.
അതേസമയം വേര്‍പിരിയുന്നതിനെ പറ്റി വിജയോ തമന്നയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പരസ്പരം ടാഗ് ചെയ്യുന്നുമുണ്ട്. അടുത്തിടെ ഗോവയില്‍ വച്ച് നടന്ന തമന്നയുടെ പിറന്നാള്‍ ആഘോഷത്തിലും വിജയ് ഉണ്ടായിരുന്നു.
CONTENT HIGHLIGHT: tamannaah bhatia cryptic social media post breakup