Beauty Tips

നെറ്റിയില്‍ കുരുക്കള്‍ ശല്യമായോ ? ഇതാ പ്രതിവിധി | natural face packs for forehead pimples

ഇടയ്ക്കിടയ്ക്ക് കൈ തട്ടുന്നത് കുരുക്കള്‍ പഴുക്കാനും, ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ വീഴാനും കാരണമാകുന്നു

പലര്‍ക്കും നെറ്റിയില്‍ അമിതമായി കുരുക്കള്‍ വരാറുണ്ട്. മിക്കതും ചൂടുകുരു പോലെ ചെറിയ ചെറിയ കുരുക്കളാകാം. ഇല്ലെങ്കില്‍ ചിലപ്പോള്‍ നല്ല വലിയ രണ്ട് മൂന്ന് കുരുക്കള്‍ വീതം പ്രത്യക്ഷപ്പെടുന്നത് കാണാം. ഇവര്‍ക്ക് മിക്കപ്പോഴും നെറ്റിയില്‍ മാത്രമായിരിക്കും കുരുക്കള്‍ കാണുന്നത്. നെറ്റിയിലായതിനാല്‍ തന്നെ, പലപ്പോഴും ഇത്തരം കുരുക്കളില്‍ കൈ തട്ടാനുള്ള സാധ്യത കൂടുന്നു. ഇടയ്ക്കിടയ്ക്ക് കൈ തട്ടുന്നത് കുരുക്കള്‍ പഴുക്കാനും, ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ വീഴാനും കാരണമാകുന്നു. അതിനാല്‍, നെറ്റിയിലെ കുരു വളരെ വേഗത്തില്‍ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായി വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്ന ചില ഫേയ്‌സ്പാക്കുകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

തൈര്- ഓട്‌സ്

ഒരു ടീസ്പൂണ്‍ തൈര്
ഒരു ടീസ്പൂണ്‍ ഓട്‌സ്
ഒരു നുള്ള് മഞ്ഞള്‍പ്പൊടി

മൂന്ന് ചേരുവകളും നല്ലതുപോലെ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖക്കുരു ഉള്ള ഭാഗത്ത് നല്ലതുപോലെ കട്ടിയില്‍ പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം രാത്രിയില്‍ കിടക്കുന്നതിന് മുന്‍പായി ഈ ഫേയ്‌സ്പാക്ക് ഉപയോഗിക്കുക. ഇതില്‍ തൈര് ചേര്‍ത്തിരിക്കുന്നതിനാല്‍ തന്നെ, ചര്‍മ്മത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതാണ്. ചര്‍മ്മപാളികളെ ക്ലീനാക്കാന്‍ തൈര് സഹായിക്കും. ഇത് ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള സെബം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തെ മോയ്‌സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നു. കൂടാതെ, ഇതില്‍ ഓട്‌സ് ചേര്‍ത്തിരിക്കുന്നതിനാല്‍, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നു. വൈറ്റ് ഹെഡ്‌സും ബ്ലാക്ക് ഹെഡ്‌സും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ, മഞ്ഞള്‍ ചേര്‍ത്തിരിക്കുന്നതിനാല്‍, ഇതില്‍ ചേര്‍ത്തിരിക്കുന്ന ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ മുഖക്കുരു വരാതിരിക്കാന്‍ സഹായിക്കുന്നു.

തേന്‍- വെള്ളരി

ഒരു ടീസ്പൂണ്‍ തേന്‍
ഒരു ടീസ്പൂണ്‍ വെള്ളരി നീര്
കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി

മൂന്ന് ചേരുവകളും നല്ലതുപോലെ മിക്‌സ് ചെയ്ത് ക്രീം പരുവത്തിലാക്കുക. അതിനുശേഷം മുഖത്ത് പുരട്ടാവുന്നതാണ്. മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ കട്ടിയില്‍ പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇതില്‍ തേനിനും മഞ്ഞളിലും ആന്റിഇന്‍ഫ്‌ലമേറ്ററി, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. മുഖക്കുരു പോലെയുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, വെള്ളരി ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തെ മോയ്‌സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നു.

തലയില്‍ താരന്‍ ഉള്ളവരില്‍ നെറ്റിയില്‍ കുരുക്കള്‍ പതിവാണ്.അതിനാല്‍, താരന്‍ ഉള്ളവര്‍ തലയില്‍ നിന്നും താരന്‍ കളയേണ്ടത് അനിവാര്യമാണ്. അതുപോലെ, മേല്‍ പറഞ്ഞ ഫേയ്‌സ്പാക്കുകളില്‍ ഒന്ന് ആഴ്ചയില്‍ മൂന്ന് ദിവസം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അടുപ്പിച്ച് കുറച്ച് നാള്‍ ഉപയോഗിച്ചാല്‍ മാത്രമാണ് ശരിയായ വിധത്തില്‍ ഫലം ലഭിക്കുകയുള്ളൂ. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഫേയ്‌സ്പാക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് ഒരു ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.