തലശ്ശേരി സ്വദേശിയായ യുവ ഡോക്ടര്‍ക്കെതിരെ നടന്ന മാധ്യമ വിചാരണയും, ഇന്നും തുടരുന്ന സാമൂഹ്യ മാധ്യമ ആക്രമണവും നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പിന്നില്‍ വന്ന ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. ഇരുവശവും വാഹനങ്ങള്‍ നിറഞ്ഞ റോഡില്‍ ആംബുലന്‍സ് കടത്തി വിടാന്‍ ഡോക്ടര്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഏകദേശം പതിനാറ് സെക്കന്റ് നീണ്ട സംഭവത്തിന്റെ മറവില്‍ ആശുപത്രിയില്‍ എത്തിച്ച രോഗി മരിച്ചത് ഡോക്ടര്‍ കാരണമെന്ന് വരെ മാധ്യമങ്ങള്‍ പറഞ്ഞു. ആംബുലന്‍സ് ്രൈഡവറുടെ പരാതിയില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും തികച്ചും ന്യായരഹിതമായ നടപടിയാണ് എടുത്തത്. ഡോക്ടറെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി പോലീസും, കൂടുതല്‍ അന്വേഷണമില്ലാതെ അയ്യായിരം രൂപ പിഴ അടപ്പിച്ചു ആര്‍.ടി.ഒ.യും തികഞ്ഞ അനീതിയാണ് കാണിച്ചത്.
ഡോക്ടറെ കൊലപാതകിയും സാമൂഹ്യ വിരുദ്ധനും ആയി ചിത്രീകരിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയിട്ടും തിരുത്താന്‍ തയ്യാറാകാത്തത് തികഞ്ഞ ധാര്‍ഷ്ട്യം തന്നെയാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഡോക്ടറെ വ്യക്തിപരമായി വിളിച്ചും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഭീഷണിപ്പെടുത്തുന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണം.
ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവ ഡോക്ടര്‍ നേരിടുന്ന മാനസിക പീഡനവും അതിക്രമങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് അധികാരികള്‍ക്ക് ഭൂഷണമല്ല. പത്ര-ദൃശ്യ മാധ്യമങ്ങള്‍ പുലര്‍ത്തേണ്ട അടിസ്ഥാന നൈതികതയും സാമാന്യ മര്യാദയും നഷ്ടമാകുന്നത് തികച്ചും നിരാശാജനകമാണ്. ഡോക്ടറെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ട് എന്ന് വരെ ഒരു ഇംഗ്ലീഷ് ദിനപത്രം എഴുതി വെച്ചു. അതും തിരുത്തപ്പെട്ടിട്ടില്ല. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്നും കതിരൂര്‍ പോലീസ്, തലശ്ശേരി ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി ആവശ്യപ്പെടുന്നു.
ഈ വിഷയം ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി, ഡി.ജി.പി, കേരള മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, ആരോഗ്യ മന്ത്രി, നിയമസഭാ സ്പീക്കര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികളും സംഘടനാ തലത്തില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ചെറിയ സംഭവങ്ങള്‍ പോലും പര്‍വതീകരിച്ച് കാണിക്കുന്ന പ്രവണത മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന്, ആരോഗ്യ രംഗത്ത് പ്രത്യേകിച്ച് കണ്ടുവരുന്നു. ലക്കും ലഗാനുമില്ലാതെ നടക്കുന്ന സാമൂഹ്യ മാധ്യമ പ്രചാരണം ആതുര ശുശ്രൂഷാ രംഗത്തെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. സംഭവത്തില്‍ സത്വര നടപടി വേണമെന്നു ബന്ധപ്പെട്ടവരോട് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസന്‍, സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
CONTENT HIGH LIGHTS: Media trial against young doctor, social media attack: IMA demands strict action