Movie News

ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’ റിലീസ് പ്രഖ്യാപിച്ചു ; ഡോക്ടറായി ഉണ്ണിയെത്തും

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ​ഗെറ്റ് സെറ്റ് ബേബി. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റെത്തിയിരിക്കുകയാണ്. ചിത്രം ഫെബ്രുവരി 21ന് തിയറ്ററുകളിൽ എത്തും. ഇതിന്റെ ഭാ​ഗമായി പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ആണ്.

വിനയ് ​ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഇവരുടെ ആദ്യ നിർമാണ സംരംഭമാണിത്. കോഹിനൂർ എന്ന ചിത്രത്തിന് ശേഷം വിനയ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ ഡോക്ടർ വേഷത്തിൽ ആണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നത്. ഇയാൾ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഫൺ ഫാമിലി എന്റർടെയ്നറാകും ​ഗെറ്റ് സെറ്റ് ബേബി.

സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മാണ പങ്കാളികളാവുന്ന ആദ്യസംരഭമാണ് ഗെറ്റ് സെറ്റ് ബേബി. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവർത്തകൾ പറഞ്ഞു. ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. എഡിറ്റിംഗ് അർജു ബെൻ. സുനിൽ കെ ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷൻ കണ്ട്രോളർ പ്രണവ് മോഹൻ. പ്രമോഷന്‍ കണ്സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍ വി.