Celebrities

‘മരുന്ന് അടിച്ചാണോ വന്നത് ? ഇത് ഞങ്ങളുടെ ആയിഷ അല്ല’ ; ഇഷ തൽവാറിനെ ട്രോളിയും വിമർശിച്ചും സോഷ്യൽമീഡിയ

തട്ടത്തിൻ മറയത്ത് എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ഇഷ തൽവാർ. അതിന് ശേഷം അഭിനയിച്ച ചിത്രത്തിലെ കഥാപാത്രങ്ങൾ ഒന്നും വലിയ രീതിയിൽ ശ്രദ്ധ നേടിയില്ലെങ്കിലും തട്ടത്തിൻ മറയത്തിലെ ആയിഷ എന്ന കഥാപാത്രം ആരും മറക്കില്ല. ഇപ്പോൾ ഇഷ തൽവാറിന്റെ പുതിയ ഒരു വീഡിയോയിലെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇത് ഞങ്ങളുടെ ആയിഷ അല്ല എന്നാണ് കമന്റുകൾ.

കോൾഡ്‌പ്ലേ സംഗീത പരിപാടി കാണാനെത്തിയപ്പോൾ പകർത്തിയ വീഡിയോ ആണ് ചർച്ചയാകുന്നത്. ഒരേ സമയം ട്രോളും വിമർശനങ്ങളുമാണ് താരത്തിന് നേരെ ഉയരുന്നത്. താൻ വളരെ ആവേശഭരിതയാണെന്നും രണ്ടാം തവണയാണ് കൺസേർട്ടിനെത്തുന്നതെന്നും ഇഷ തൽവാർ വീഡിയോയിൽ പറയുന്നുണ്ട്. ഉച്ചത്തിൽ ചിരിച്ച് കൊണ്ടായിരുന്നു ഇഷയുടെ പ്രതികരണം. ‘ഏറെ ആവേശഭരിതയാണ് ഞാൻ. ബോംബെയിൽനിന്നാണ് വരുന്നത്. രണ്ടാം തവണയാണ് കോൾഡ് പ്ലേയുടെ സം​ഗീത പരിപാടിക്കെത്തുന്നത്. മുംബൈയിലേക്കാൾ ​ഗംഭീരമായിരിക്കും ​ഗുജറാത്തിലെ ഷോ എന്നാണ് കരുതുന്നത്. ക്രിസ് മാർട്ടിനെയാണ് ഏറ്റവും ഇഷ്ടം. ​ഗ്രീൻ ഐസ് എന്ന ​ഗാനമാണ് എനിക്ക് പ്രിയം.’ എന്നിങ്ങനെയായിരുന്നു ഇഷയുടെ പ്രതികരണം.

താരത്തിന്റെ ആവേശവും ശരീരത്തിൽ നിറഞ്ഞ ടാറ്റൂവും ഒന്നും ആരാധകർക്ക് അത്ര ബോധിക്കാത്ത മട്ടാണ്. എന്താണ് ഈ ചെയ്തു വെച്ചിരിക്കുന്നത് എന്തൊക്കെയാണ് പറയുന്നത് ?, ഇത് ഞങ്ങളുടെ ആയിഷ അല്ല, നീ മരുന്ന് അടിച്ചാണോ വന്നത്, ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നില്ലേ,… എന്നിങ്ങനെ നീളുന്നു ഇഷ തൽവാറിനെതിരായ കമന്റുകൾ. മിർസാപുർ എന്ന വെബ് സീരീസിലെ മാധുരിക്ക് എന്തുപറ്റിയെന്ന് ചോദിക്കുന്നവരുണ്ട്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത തട്ടത്തിൻ മറയത്തിനുശേഷം ബാല്യകാല സഖി, ഐ ലൗ മീ, രണം, തീർപ്പ് എന്നീ മലയാളചിത്രങ്ങളിൽ ഇഷ വേഷമിട്ടിട്ടുണ്ട്. ആയിഷ എന്ന കഥാപാത്രം കേരളത്തിലുണ്ടാക്കിയ ഓളം അത്ര ചെറുതൊന്നും അല്ലായിരുന്നു. ആയിഷ എന്ന കഥാപാത്രത്തിലൂടെ കേരളത്തിൽ തരംഗമാകാൻ ഇഷ തൽവാറിന് സാധിച്ചിരുന്നു. മുംബൈയിൽ അറിയപ്പെടുന്ന മോഡലായിരിക്കെയാണ് ഇഷ തട്ടത്തിൽ മറയത്തിൽ അഭിനയിക്കുന്നത്. നായികയായുള്ള തുടക്കം ഈ സിനിമയിലൂടെയായിരുന്നു. ഇന്നും മോഡലിംഗിലും പരസ്യ ചിത്രങ്ങളിലും ഇഷ തൽവാർ സജീവമാണ്.