തെല്‍ അവിവ്: ഗസ്സയിൽ ആദ്യഘട്ട വെടിനിർത്തലിന്‍റെ ഭാഗമായുള്ള മൂന്നാമത് ബന്ദിമോചനവും തടവുകാരുടെ കൈമാറ്റവും പൂർത്തിയായി. അർബേൽ യെഹോദ് ഉൾപ്പെടെ മൂന്ന് പേരെയും അഞ്ച് തായ് പൗരന്മാരെയുമാണ് ഗസ്സയിലെ ജബാലിയ, ഖാൻ യൂനുസ് എന്നിവിടങ്ങളിൽ നിന്ന് ഹമാസ് സായുധവിഭാഗം കൈമാറിയത്. ഇസ്രായേൽ മോചിപ്പിച്ച 110 പേർക്ക് റാമല്ലയിലും ഗസ്സയിലും ഫലസ്തീനികൾ വൻവരവേൽപ്പൊരുക്കി. സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദഈഫും മറ്റു നേതാക്കളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസും ഇസ്രായേലും ബന്ദി മോചനവും തടവുകാരെ വിട്ടയക്കലും തുടരുന്നു. സൈനിക ഉദ്യോഗസ്ഥ അടക്കം എട്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചപ്പോൾ 110 ഫലസ്തീനി തടവുകാരെ ഇസ്രായേൽ വിട്ടയച്ചു. രക്തസാക്ഷിയായ ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഗസ്സ സിറ്റിയിലെ തകർന്ന വീടിന് മുന്നിൽ നൂറുകണക്കിന് പോരാളികളുടെ സാന്നിധ്യത്തിലായിരുന്നു ഇസ്രായേലി സൈനിക അഗാം ബെർഗറിന്റെ കൈമാറ്റം.
ഹമാസിന്റെയും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെയും ശക്തിപ്രകടനം കൂടിയായി കൈമാറ്റ ചടങ്ങ് മാറി. അർബൽ യഹൂദ്, ഗാഡി മോസസ് എന്നിവർക്കു പുറമെ അഞ്ച് തായ്ലൻഡ് സ്വദേശികളെയും ഹമാസ് വിട്ടയച്ചു. അതേസമയം, ഗസ്സയിലെ ജനക്കൂട്ടത്തിന്റെ പെരുമാറ്റം ഞെട്ടിച്ചുവെന്നും ഇത്തരം സാഹചര്യം ഒഴിവാക്കണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഭീഷണി മുഴക്കി. ഇതിന്‍റെ പേരിൽ തടവുകാരുടെ മോചനം വൈകിപ്പിക്കാനുള്ള നീക്കം മധ്യസ്ഥ രാജ്യങ്ങൾ ഇടപെട്ടാണ് ഒഴിവാക്കിയത്.
ഇസ്രായേൽ മോചിപ്പിച്ച 110 ഫലസ്തീനികളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 30 പേരും 30 കുട്ടികളും ഉൾപ്പെടും. അതിനിടെ കഴിഞ വർഷം ജൂലൈ 13ന് ഖാൻ യൂനുസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ഖസ്സാം ബ്രിഗേഡ് കമാൻഡർ മുഹമ്മദ് ദഈഫ് കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഡപ്യൂട്ടി കമാൻഡർ മർവാൻ ഇസ്സ, ഗാസി അബൂതമാ, റആദ് താമത്ത്, റഫെ സലാമ എന്നീ നേതാക്കളും ഇസ്രായേൽ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചതായി ഹമാസ് സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വെളിപ്പെടുത്തി. ഗസ്സ വെടിനിർത്തൽ തുടർഘട്ട ചർച്ച സംബന്ധിച്ച് ഇസ്രായേലി നേതാക്കളുമായി യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് ചർച്ച നടത്തി. ഗസ്സയിലെ ഫലാഡൽഫി ഇടനാഴിയിലും അദ്ദേഹം സന്ദർശനം നടത്തി.