ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ സ്വന്തമാക്കിയ ഉണ്ണി മുകുന്ദൻ ചിത്രമാണ് മാർക്കോ. ചിത്രം ഇന്ന് മുതൽ കന്നഡയിലും എത്തുകയാണ്. മാർക്കോ എന്ന ഒറ്റ സിനിമയോടെ ഉണ്ണി മുകുന്ദന്റെ കരിയർ ഗ്രാഫ് വലിയ രീതിയിൽ ഉയർന്നു. ഇന്ന് പാൻ ഇന്ത്യൻ സ്റ്റാറാണ് താരം. മാർക്കോയിലൂടെ ഉണ്ണി മുകുന്ദന് സൂപ്പർ സ്റ്റാർ പട്ടം തന്നെ ലഭിച്ചുകഴിഞ്ഞു. മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്ലിൻ ഗഫൂർ, ടോവിനോ എന്നിവർക്ക് ശേഷം സോളോ 100 കോടി നേടുന്ന താരം കൂടിയായി മാറി കഴിഞ്ഞു ഉണ്ണി മുകുന്ദൻ. ഇനി കന്നഡ സിനിമാ പ്രേക്ഷകരുടെ പ്രശംസ നേടാൻ ഇന്ന് മുതൽ ചിത്രം കന്നഡയിലും എത്തും.
തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ കൂടി മാർക്കോ സ്വന്തമാക്കിയിട്ടുണ്ട്.1.75 കോടി ഗ്രോസ് കളക്ഷനാണ് ഇവിടെ നിന്നും ആദ്യദിനം നേടാനായത്. ജനുവരി ഒന്നിന് 300 തിയേറ്ററുകളിലായാണ് തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. കന്നഡയിലും ഇത്തരത്തിലൊരു വരവേൽപ്പ് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. ഡിസംബർ 20നായിരുന്നു മാർക്കോയുടെ റിലീസ്. ഇതിനകം 100 കോടി ആഗോള കളക്ഷൻ നേടിക്കഴിഞ്ഞ ചിത്രം കേരളത്തിൽ പ്രദർശനം തുടരുകയാണ്. എ സർട്ടിഫിക്കറ്റ് ലഭിച്ച ഒരു ചിത്രം ഇത്രയും സ്വീകാര്യത നേടുന്നത് ആദ്യമായാണ്.
ചിത്രത്തിന്റെ ഒടിടി വിതരണാവകാശത്തെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. നെറ്റ്ഫ്ളിക്സ് ആണ് മാര്‍ക്കോയുടെ സ്ട്രീമിങ് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത് എന്ന് മുൻപു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നെറ്റ്ഫ്ളിക്സ് അല്ല, സോണി ലിവിലൂടെ ആയിരിക്കും മാര്‍ക്കോ ഒടിടിയില്‍ എത്തുക എന്നാണ് ഇൻഡസ്ട്രി ട്രാക്കര്‍മാര്‍ പറയുന്നത്. തിയേറ്റർ റിലീസിനു മുന്നോടിയായി സെൻസർ ബോർഡ് ഡിലീറ്റ് ചെയ്തു മാറ്റിയ സീനുകൾ കൂടി ഉള്‍പ്പെടുത്തിയാണ് മാർക്കോ ഒ.ടി.ടിയില്‍ എത്തുക എന്നും റിപ്പോർട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളിലും മാർക്കോ ഒടിടിയിൽ ലഭ്യമാവും. അതേസമയം, ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അധികം വൈകാതെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുമെന്നാണ് വിവരം.
പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റൺ ചിത്രത്തിന് സംഘട്ടനം ഒരുക്കിയത്. ഉണ്ണി മുകുന്ദനേയും ജഗദീഷിനേയും കൂടാതെ സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.