മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രം മാർച്ച് 27ന് സിനിമ തിയറ്ററുകളിൽ എത്തുകയാണ്. പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ ആയതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണുള്ളത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.
എമ്പുരാൻ റിലീസിന് മുന്നോടിയായി ലൂസിഫർ വീണ്ടും തിയറ്ററിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ആശിർവാദ് സിനിമാസിന്റെ സാരഥി ആന്റണി പെരുമ്പാവൂർ. എമ്പുരാൻ ടീസർ ലോഞ്ചിനിടെ ആയിരുന്നു ആന്റണിയുടെ പ്രതികരണം. ‘ലൂസിഫർ വീണ്ടും റിലീസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. തിയറ്ററിൽ രണ്ടാഴ്ച പ്രദർശിപ്പിക്കണം. അതു കണ്ട ശേഷം എമ്പുരാൻ റിലീസ് ചെയ്യണമെന്ന ആഗ്രഹം മനസിലുണ്ട്. കൂടുതൽ ഒന്നും തീരുമാനിച്ചിട്ടില്ല’, എന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്.
പൃഥ്വിരാജ് എന്ന സംവിധായകൻ മലയാളികൾക്ക് സമ്മാനിച്ച ചിത്രം ചെറുതല്ലാത്ത ഓളമായിരുന്നു തിയറ്ററുകളിൽ സമ്മാനിച്ചത്. 2019ൽ ആയിരുന്നു ലൂസിഫർ റിലീസ് ചെയ്തത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു. അതേസമയം, എമ്പുരാന് പാന്‍ ഇന്ത്യന്‍ റിലീസായാണ് തിയറ്ററുകളില്‍ എത്തുന്നത്. ലൂസിഫറില്‍ ഉണ്ടായിരുന്ന പ്രധാന താരങ്ങളും എമ്പുരാനിലും ഉണ്ടായിരിക്കും. ലൂസിഫര്‍ പാര്‍ട്ട് 3 ചിലപ്പോള്‍ സംഭവിച്ചേക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. എമ്പുരാനിലൂടെ കഥ പറഞ്ഞ് തീരില്ലെന്നും അതുകൊണ്ട് പാര്‍ട്ട് 3 ഉണ്ടാകാന്‍ ചാന്‍സ് ഉണ്ടെന്നും പൃഥ്വിരാജ് ടീസര്‍ ലോഞ്ചിനിടെ പറഞ്ഞിരുന്നു.