മഹാകുംഭമേളയില്‍ ഇത്തവണ ശ്രദ്ധാകേന്ദ്രമായത് രുദ്രാക്ഷമാലകള്‍ വില്‍ക്കുന്ന മൊണാലിസ എന്ന 16കാരിയായ മോനി ബോണ്‍സ്ലെ. ചാരക്കണ്ണുകളും മുല്ലമൊട്ടുചിരിയും ഇടതൂര്‍ന്ന മുടിയുമായി ഇന്‍ഡോറിലെ തെരുവില്‍ നിന്നും പ്രയാഗ് രാജിലെത്തിയ മൊണാലിസ ഇന്ന് ലോകത്തിന് മുന്നില്‍ ബ്രൗണ്‍ ബ്യൂട്ടി മോഡലാണ്. 16കാരിയുടെ സൗന്ദര്യം സോഷ്യല്‍മീഡിയയും മാധ്യമങ്ങളും ദിവസങ്ങളോളം ആഘോഷിച്ചു. ഇപ്പോൾ ഈ കൊച്ചു സുന്ദരി ബോളിവുഡ് സിനിമാ ലോകത്തേക്ക് എത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മൊണാലിസ അഭിനയ രംഗത്തെത്തുന്നത്. ‘ഡയറി ഓഫ് മണിപ്പൂർ’ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക എന്നാണ് റിപ്പോർട്ടുകൾ. മൊണാലിസയുടെ സിനിമയിലെ വേഷം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഒരു കരസേനാ ഉദ്യോഗസ്ഥന്റെ മകളായാണ് സിനിമയിൽ മൊണാലിസ അഭിനയിക്കുന്നത് എന്നാണ് സൂചന. 20 കോടി ബജറ്റിട്ട ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ഫെബ്രുവരിയിൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. മാർച്ചിലോ ഏപ്രിലിലോ ആയിരിക്കും മൊണാലിസ ഷൂട്ടിങ്ങിന് എത്തുക.’രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’, ‘കാശി ടു കാശ്മീർ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര.
നേരത്തെ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം മൊണാലിസ പ്രകടിപ്പിച്ചിരുന്നു. കുടുംബം സമ്മതിച്ചാൽ സിനിമ ചെയ്യുമെന്നായിരുന്നു ഇവരുടെ പ്രതികരണം. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണാലിസ. വൈറൽ ആയതിന് പിന്നാലെ ഇവരെ തേടി നിരവധി ആളുകൾ എത്തിയതോടെ ഉപജീവമാർഗമായിരുന്ന മാല വിൽപ്പന അവസാനിപ്പിക്കേണ്ടി വന്നിരുന്നു. കാണാൻ എത്തുന്നവരുടെ തിക്കും തിരക്കും വർദ്ധിച്ചതോടെ മൊണാലിസയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. സുരക്ഷ കണക്കിലെടുത്താണ് മടങ്ങിയതെന്നായിരുന്നു മൊണാലിസയുടെ അന്നത്തെ പ്രതികരണം. മൊണാലിസയുടെ കണ്ണുകളോട് സാദൃശ്യമുള്ളതാണ് മോനിയുടെ കണ്ണുകളെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.