മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. നിർമാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകളാണ് കീർത്തി. കഴിഞ്ഞ ഡിസംബർ 12 ആയിരുന്നു കീർത്തിയുടേയും ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലിന്റേയും വിവാഹം. ഹിന്ദു- ക്രിസ്ത്യൻ ആചാര പ്രകാരം ഗോവയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം ഇതാ മെഹന്ദി ചടങ്ങിൽ നിന്നുള്ള ചില ഫോട്ടോകൾ താരം പങ്കുവച്ചിരിക്കുകയാണ്.
തമിഴിൽ വധു എന്നർത്ഥം വരുന്ന ‘മനമകൾ’ എന്നെഴുതിയ കമ്മലുകളും വർണ്ണാഭമായ വസ്ത്രവുമാണ് കീർത്തി ധരിച്ചിരുന്നത്. “തമിഴ് പൊന്നു (തമിഴ് പെൺകുട്ടി)” എന്നാണ് അടിക്കുറിപ്പിൽ താരം സ്വയം വിശേഷിപ്പിച്ചത്. “തമിഴ് മറുദാനി ബോളിവുഡ് കിറ്റ്ഷിനെ കണ്ടുമുട്ടുന്നു” എന്നും അവർ എഴുതി.
കീർത്തി ഒരു മൾട്ടി-കളർ ലെഹങ്കയാണ് ധരിച്ചിരുന്നത്, അതിൽ അവൾ വളരെ സുന്ദരിയായി കാണപ്പെടുന്നു. കൈയിലിട്ട ലളിതമായ മെഹന്ദിയുമായി പോസ് ചെയ്യുന്നതും ചിത്രങ്ങളിൽ കാണാം. ആൻ്റണിയുടെ ലുക്കിനെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹം മൾട്ടി-കളർ കുർത്ത-പൈജാമയും ധരിച്ചിരിക്കുന്നു. അതിനൊപ്പമുള്ള ജാക്കറ്റും ശ്രദ്ധ ക്ഷണിക്കുന്നതാണ്.
ഒരു ഫോട്ടോയിൽ, കീർത്തിയുടെ അമ്മയും മുൻകാല നടിയുമായ മേനക സുരേഷും മകളുടെ കൈകളിൽ മെഹന്ദിയിടുന്നതും കാണാം. നേരത്തെ കീർത്തി തൻ്റെ വിവാഹനിശ്ചയ രാത്രിയിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ചിരുന്നു.
ഭർത്താവ് ആന്റണിയെ ആദ്യമായി കണ്ടുമുട്ടിയതും പ്രണയം തുടങ്ങിയതും, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതും ശേഷം അച്ഛനും അമ്മയും വിവാഹത്തിന് സമ്മതിച്ചതുമെല്ലാം കീർത്തി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘‘ഞങ്ങൾ കുടുംബസുഹൃത്തുക്കളാണ്. ഓർക്കൂട്ടിലൂടെ ചാറ്റ് ചെയ്താണ് ഞങ്ങൾ പരിചയപ്പെട്ടത്. ഞങ്ങൾക്ക് ഒരുപാട് കോമൺ സുഹൃത്തുക്കളുണ്ട്. ചാറ്റിങ്ങിന് ശേഷം 2009 ഡിസംബർ 2 ന് ആണ് ആദ്യമായി പരസ്പരം കണ്ടുമുട്ടിയത്. ആന്റണിയുമായി അടുക്കാൻ ശ്രമിച്ചത് ഞാൻ തന്നെയായിരുന്നു. കൊച്ചിയിലെ ഒരു റസ്റ്റോറന്റിൽ വച്ചാണ് ഞങ്ങൾ നേരിട്ട് കാണുന്നത്. എനിക്ക് അങ്ങോട്ട് പോയി സംസാരിക്കാനുള്ള സാഹചര്യമായിരുന്നില്ല. തിരികെ പോകുമ്പോൾ ആന്റണിയെ നോക്കി ഞാൻ കണ്ണിറുക്കി. പിറ്റേദിവസം ഒരു മാളിൽ വച്ച് ഞങ്ങൾ വീണ്ടും കണ്ടു. അന്ന് എനിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നു. ആന്റണി സുഹൃത്തുക്കൾക്കൊപ്പമാണ് വന്നത്. അന്ന് കണ്ടു സംസാരിച്ചു. പിന്നീട് ഒരു മാസത്തിനുശേഷം ധൈര്യമുണ്ടെങ്കിൽ എന്നെ പ്രപ്പോസ് ചെയ്യെന്ന് ആന്റണിയോട് പറയുകയായിരുന്നു. ആ വർഷം ന്യൂ ഇയറിൽ അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. ഞാൻ യെസും പറഞ്ഞു. 2010ൽ ആയിരുന്നു ഇത്.
2016ലാണ് കാര്യങ്ങൾ കുറച്ചു കൂടി കാര്യമായത്. പിന്നാലെ ഞങ്ങൾ പ്രോമിസിങ് റിങ് കൈമാറി. എന്റെ നിരവധി സിനിമകളിൽ ആ മോതിരം കാണാനാകും. ഞാൻ 12-ാംതരത്തിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ ഡേറ്റിങ് ആരംഭിച്ചത്. ആന്റണിക്ക് എന്നേക്കാൾ ഏഴുവയസ്സ് കൂടുതലുണ്ട്. കുറച്ച് കാലം ഞങ്ങൾക്ക് ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു. . ആന്റണി ഖത്തറിൽ വർക്ക് ചെയ്യുകയായിരുന്നു. നാലഞ്ച് വർഷത്തിന് ശേഷം തിരിച്ച് വന്ന് സ്വന്തമായി ബിസിനസ് തുടങ്ങി.കോവിഡ് സമയത്താണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. അതുവരെ വിശേഷ ദിവസങ്ങളിൽ കാണാൻ വരലും പോകലുമായിരുന്നു. ഒരുമിച്ച് ഒരുപാട് കാലം ഒപ്പം ഉണ്ടായിരുന്നതിനാൽ ഇപ്പോൾ കല്ല്യാണശേഷവും പരസ്പരം പ്രശ്നങ്ങളൊന്നും ഇല്ല,’’ കീർത്തി സുരേഷ് പറയുന്നു.
‘‘അച്ഛന്റെയും അമ്മയുടെയും ചിന്താഗതികൾ വ്യത്യസ്തമായിരുന്നെങ്കിലും എന്റെ ഇഷ്ടത്തിന് അവർ കൂടെ നിൽക്കുകയായിരുന്നു. അമ്മയുടെ മുപ്പതു വർഷം പഴക്കമുള്ള കല്യാണസാരിയാണ് ഞാൻ വിവാഹത്തിന്റെ ഒരു ചടങ്ങിൽ ഉടുത്തത്. ക്രിസ്ത്യൻ രീതിയിലുള്ള വിവാഹത്തിന് വധുവിനെ ആനയിക്കുന്ന ചടങ്ങുണ്ടല്ലോ. അച്ഛനോട് എന്റെ കൈ പിടിച്ച് കൂടെ വരാമോ എന്ന് ചോദിച്ചപ്പോൾ, പിന്നെന്താ, ഞാനല്ലാതെ വേറെ ആരു വരും എന്ന് വളരെ സന്തോഷത്തോടെയാണ് അച്ഛൻ ചോദിച്ചത്.
ഒരുമിച്ച് വിദേശത്തു യാത്ര പോകുന്ന, പൊതു സ്ഥലങ്ങളിൽ കൈ പിടിച്ച് നടക്കുന്ന, പിഡിഎ (Public Display of Affection) ചെയ്യുന്ന തരം ദമ്പതികളല്ല ഞങ്ങൾ. ബന്ധം തുടങ്ങി ഒരുപാടു വർഷങ്ങൾക്കു ശേഷമാണ് ആദ്യമായി ഞങ്ങൾ ഒരു വിദേശയാത്ര പോയത്. അതും ഞങ്ങളുടെ കൂട്ടുകാരൻ നിർബന്ധിച്ചിട്ടാണ് അങ്ങനെ പോയത്. എപ്പോഴും ഞങ്ങൾക്കൊപ്പം ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടാകും. അതാണ് ഞങ്ങളുടെയും സന്തോഷം. ഡേറ്റിങ് തുടങ്ങി പതിമൂന്നു വർഷങ്ങൾക്കു ശേഷമാണ് ആദ്യമായി ഒരു കപ്പിൾ ട്രിപ്പ് പോയത്. അവിടെ നിന്നും വെറും മൂന്നു ദിവസത്തിന് ശേഷം കൂട്ടുകാരുടെ ട്രിപ്പിലേക്ക് ചേരുകയായിരുന്നു.
2017 ൽ അടുത്ത സുഹൃത്ത് ജഗ്ദീഷ് ഞങ്ങളെ ബാങ്കോക്കിലേക്ക് കൊണ്ട് പോയി. അതുവരെയും ഞങ്ങൾ ഒരുമിച്ച് വിദേശ യാത്ര നടത്തിയിരുന്നില്ല. ആരെങ്കിലും കാണുമോ, പിടിക്കപ്പെടുമോ എന്നൊക്കെയുള്ള ഭയം കൂടി അതിന്റെ കാരണമായിരിക്കും. ഓരോ യാത്രയ്ക്ക് ശേഷവും, ഹാവൂ, ഇത്തവണയും നമ്മൾ രക്ഷപ്പെട്ടല്ലോ എന്നാണ് തോന്നാറുള്ളത്’’– കീർത്തി പറയുന്നു.