ടൊവിനോ തോമസിന്റെ കരിയറിൽ തന്നെ എന്നും തിളങ്ങി നിൽക്കാവുന്ന ചിത്രമാണ് നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘അജയന്റെ രണ്ടാം മോഷണം’. ചിത്രം 100 ക്ലബിലെത്തിയിരുന്നു. കൃതിഷെട്ടി, സുരഭി ലക്ഷ്മി എന്നിവരായിരുന്നു നായികമാർ. മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ സക്സസ് സെലിബ്രേഷൻഎആർഎം ടീം സംഘടിപ്പിച്ചിരുന്നു. സെലിബ്രേഷൻ ഇവന്റിൽ ചില സംഭാഷണമാണിപ്പോൾ സിനിമാ മേഖലയിലെ ചർച്ച.
സിനിമയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ആരെയെങ്കിലും വാക്കുകൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിച്ചിരിക്കുകയാണെന്ന് ടൊവിനോ പറഞ്ഞിരുന്നു.
‘ഞാൻ ആളുകളോട് പിണങ്ങുന്നത് ചിലപ്പോൾ നിസാര കാര്യങ്ങൾക്ക് ആവാം. അത് അത്രയും നിസാര പിണക്കങ്ങൾ ആയി തന്നെ കണക്കാക്കേണ്ടതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ഞാൻ ഒരു ദിവസം രണ്ടു ദിവസം കഴിഞ്ഞാൽ എന്തിനാ പിണങ്ങിയതെന്ന് മറന്നു പോകും. പിണക്കങ്ങൾ ഒന്നും സ്ഥിരമല്ല. സിനിമകൾ വിജയിക്കുമ്പോൾ അത് മറക്കണം. ഈ സിനിമയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ആരെയെങ്കിലും ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എല്ലാവരോടും മാപ്പ് അപേക്ഷിക്കുകയാണ്. ഈ സിനിമയുടെ ഭാഗമല്ലാതിരുന്നിട്ടും കൂടെ നിന്നവരോട് നന്ദി പറയുന്നു,’ ടൊവിനോ പറഞ്ഞു.
നായകനുമായി പിണങ്ങേണ്ടി വന്ന ലിസ്റ്റിൻ ഇക്കാര്യങ്ങൾ പറഞ്ഞ് തീർത്തത് സക്സസ് സെലിബ്രേഷനിലായിരുന്നു. “എആർഎം സിനിമയുടെ ഷൂട്ട് ആരംഭിക്കുന്നതിന് ഇരുപത്തിയഞ്ച് ദിവസം മുമ്പാണ് ഞാൻ ഈ സിനിമയുടെ ഭാഗമാകുന്നത്. ഡോ. സഖറിയ തോമസുമായുള്ള ബന്ധത്തിലാണ് ഞാൻ ഈ സിനിമയുടെ ഭാഗമായത്. അന്ന് ഇട്ടതും പറഞ്ഞതുമായ ബജറ്റിൽ നിന്ന് വ്യത്യാസം വന്നു. എല്ലാ സിനിമകളും അങ്ങനെയാണ്. ആരംഭിക്കുമ്പോൾ ഒരു ബജറ്റ് പിന്നീട് വേറൊരു ബജറ്റ് എന്നത് എല്ലാ സിനിമകളിലും സംഭവിക്കുന്നതാണ്. അത് ഈ സിനിമയ്ക്കും സംഭവിച്ചു. പക്ഷേ, ഈ സിനിമയുടെ ചില ഷോട്ടുകൾ കണ്ടപ്പോൾ ഞാൻ ഇംപ്രസ്ഡായി.
അതിനുശേഷമാണ് പാൻ ഇന്ത്യൻ ലെവലിലേക്ക് കൊണ്ടുപോകാമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് ചിത്രത്തിൻ്റെ പേര് എആർഎം എന്നാക്കുന്നത്. എല്ലാവരുടെയും ഹാർഡ് വർക്ക് ഈ സിനിമയ്ക്ക് പിന്നിലുണ്ട്. സിനിമയുടെ സീജിയൊക്കെ ഏറ്റവും അവസാനമാണ് റെഡിയായി കിട്ടിയത്. അതുകൊണ്ട് തന്നെ റിലീസ് പോലും മറ്റ് ഭാഷകളിൽ തള്ളിവെച്ചിരുന്നു. ഈ സിനിമയുടെ റിലീസിനുശേഷമാണ് ബിസിനസ് നടന്നത്. എനിക്ക് ഇത്രയേറെ ധൈര്യമുണ്ടെന്ന് മനസിലാക്കി തന്നതും എആർഎം സിനിമയാണ്.
വലിയ സിനിമകൾ ഫിനാൻസ് എടുത്തിട്ടാണ് ചെയ്യുന്നത്. അതൊക്കെ റിലീസ് ചെയ്യും മുമ്പ് സെറ്റിൽ ചെയ്യണം. പക്ഷെ എആർഎം ബിസിനസാകും മുമ്പ് മറ്റ് പ്ലാറ്റ്ഫോമുകൾ പറഞ്ഞ തുക ഞങ്ങൾക്ക് ഓക്കെയാകാതിരുന്നപ്പോൾ ഫൈനൽ സെറ്റിൽമെന്റ് ചെയ്യാൻ എനിക്ക് കുറച്ച് പണം ആവശ്യമായിരുന്നു. ഇത്ര കോടികളുടെ ആവശ്യം വന്നപ്പോൾ എന്റെ ഒരു കോളിൽ എന്നെ സഹായിച്ചത് പൃഥ്വിരാജാണ്.
കുറച്ച് കൂടി പണം ആവശ്യമായി വന്നപ്പോൾ എന്നെ സഹായിച്ച മറ്റൊരാൾ അൻവർ റഷീദാണ്. ഞാൻ ഇന്ന് ഇവിടെ ഇങ്ങനെ നിൽക്കണമെങ്കിൽ അതിന് പിന്നിൽ ഒരുപാട് പേരുണ്ട്. ആദ്യമായാണ് എന്റെ ഒരു സിനിമ നൂറ് കോടി ക്ലബ്ബിൽ കയറുന്നത് അതിലും എനിക്ക് സന്തോഷമുണ്ട്. പിന്നെ സിനിമയിൽ പ്രവർത്തിക്കുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളും സ്വഭാവികമാണ്. ടൊവിയും ഞാനും ഇപ്പോൾ ചെറിയ പിണക്കത്തിലാണ്. ചെറിയ കാര്യങ്ങൾക്കുപോലും പിണങ്ങും. കാരണം സിനിമയോട് അത്രയും പാഷനുള്ളയാളാണ്. എന്നാൽ പെട്ടന്ന് ഇണങ്ങുകയും ചെയ്യും. ഈഗോ നോക്കാതെ എല്ലാം ചെയ്ത് തരും. ഇണക്കങ്ങളും പിണക്കങ്ങളും സിനിമയ്ക്കുള്ളിൽ മാത്രമാണെന്ന് കൂടി ടൊവിയോട് പറയുകയാണ് എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്. വളരെ വർഷങ്ങളായി ലിസ്റ്റിന്റെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും സുപ്രിയ മേനോനും.
ഇതിന് മറുപടിയായിട്ടാണ് ടൊവിനോ അത്തരത്തിൽ സംസാരിച്ചതും. എആർഎമ്മിന് മുൻപ് 100 കോടി ക്ലബ്ബിലെത്തിയ ടൊവിനോ ചിത്രം 2018 ആയിരുന്നു. മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു 2018 എന്നത് കണക്കാക്കുമ്പോള്‍ ടൊവിനോയുടെ ആദ്യ സോളോ 100 കോടി കൂടിയാണ് എആര്‍എം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.