ദുബായിലെ പ്രമുഖ ഷോപ്പിംഗ് മാളുകളിൽ വാഹന പാർക്കിംഗ് ഫീസ് അടച്ചില്ലെങ്കിൽ 150 ദിർഹം പിഴ ലഭിക്കും. അനുവാദമില്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്താൽ ആയിരം ദിർഹമായിരിക്കും പിഴ. പാർക്കിംഗ് ഫീസ് മൂന്നു ദിവസത്തിനുള്ളിൽ അടയ്ക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ദുബായിലെ പ്രമുഖ ഷോപ്പിംഗ് മാളുകളിൽ ബാരിയറുകളില്ലാത്ത പാർക്കിംഗ് സംവിധാനം കഴിഞ്ഞയിടക്കാണ് നടപ്പാക്കിയത്. ചില മാളുകളിൽ വരും മാസങ്ങളിൽ ഇത് നിലവിൽ വരും. ഈ സാഹചര്യത്തിലാണ് പാർക്കിംഗ് ഫീസും ഫൈനും സംബന്ധിച്ച വിശദീകരണം.
ദേര സിറ്റി സെൻ്റർ, മാൾ ഓഫ് ദ എമിറേറ്റ്സ് എന്നിവിടങ്ങളിലെല്ലാം പാർക്കിംഗ് കഴിഞ്ഞ് മൂന്നു ദിവസം വരെയാണ് ഓൺലൈൻ ആയി ഫീസടക്കാൻ സമയം ലഭിക്കുക. പാർക്കിംഗ് കേന്ദ്രത്തിലേക്ക് വാഹനം കയറുമ്പോൾതന്നെ എസ്എംഎസ് വഴി ഫീസ് അടയ്ക്കാനുള്ള ലിങ്ക് ലഭിക്കും. രണ്ടാം ദിവസം റിമൈൻഡർ സന്ദേശവും ഫീസ് ഉടൻ അടയ്ക്കാനുള്ള നിർദ്ദേശവും ലഭിക്കും. തുടർന്നും ഫീസ് അടച്ചില്ലെങ്കിൽ 150 ദിർഹമാകും പിഴ.
ദേര സിറ്റി സെൻ്ററിൽ 3 മണിക്കൂറും മാൾ ഓഫ് ദ എമിറേറ്റ്സിൽ 4 മണിക്കൂറുമാണ് സൗജന്യ പാർക്കിംഗ്. അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്താലും പെർമിറ്റ് ഉള്ളവർ രേഖകൾ ഹാജരാക്കിയില്ലെങ്കിലും 1000 ദിർഹമാണ് പിഴ.