Movie News

ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കി റോഷൻ ആൻഡ്രൂസ്; ഗംഭീര അഭിപ്രായം നേടി ‘ദേവ’ – shahid kapoor film deva

മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ് ഷാഹിദ് കപൂറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദേവ. പോലീസ് ഓഫീസറായി ഷാഹിദ് എത്തുന്ന സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. ആദ്യ ദിവസം മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഗംഭീര പ്രകടനമാണ് ചിത്രത്തിൽ ഷാഹിദ് കപൂർ കാഴ്ചവച്ചിരിക്കുന്നത്.

റോഷൻ ആൻഡ്രൂസിന്റെ തന്നെ മലയാള ചിത്രമായ മുംബൈ പൊലീസിന്റെ റീമേക്ക് ആണ് ദേവ. എന്നാൽ മലയാളം പതിപ്പിൽ നിന്നും ഏറെ വ്യത്യസ്തമാണ് ചിത്രത്തിന്റെ കഥാപരിസരം എന്ന് ചിത്രം കണ്ടവർ എക്സിൽ പങ്കുവച്ചിരിക്കുന്നത്. ആദ്യ ദിനം ചിത്രം 4.25 – 4.75 കോടി രൂപയോളം നേടിയെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. കബീർ സിങ് എന്ന സിനിമയ്ക്ക് ശേഷം ഷാഹിദിന്റെ അഴിഞ്ഞാട്ടം ആണ് സിനിമയിൽ എന്നും വളരെ മികച്ച രീതിയിലാണ് റോഷൻ സിനിമയെ സമീപിച്ചിരിക്കുന്നതെന്നുമാണ് പ്രേക്ഷക അഭിപ്രായം.

ഷാഹിദ് കപൂറിന്‍റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ചിത്രത്തിലേതെന്ന് നിരവധി പേര്‍ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൂജ ഹെഗ്‌ഡെയാണ് സിനിമയിൽ നായികയായി എത്തുന്നത്. പവയിൽ ഗുലാട്ടി, പ്രാവേഷ് റാണാ, മനീഷ് വാധ്വാ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന അഭിനേതാക്കൾ. സീ സ്റ്റുഡിയോസ്, റോയ് കപൂർ ഫിലിംസ് എന്നീ കമ്പനികളുടെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂറും ഉമേഷ് കെആർ ബൻസാലും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഹുസൈൻ ദലാൽ & അബ്ബാസ് ദലാൽ, അർഷാദ് സയ്യിദ്, സുമിത് അറോറ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ചിത്രം ബോക്സ് ഓഫീസില്‍ ഏത് നിലയിലുള്ള വിജയം നേടും എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

STORY HIGHLIGHT:  shahid kapoor film deva