മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ആലപ്പി അഷ്‌റഫ്. മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിൽ കലാജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായും തിളങ്ങിയിരുന്നു. പ്രശസ്ത നടനായിരുന്ന ജയനു വേണ്ടി അദ്ദേഹത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാത്ത അവസാനത്തെ ഏതാനും ചിത്രങ്ങളിൽ (മനുഷ്യമൃഗം, കോളിളക്കം, അറിയപ്പെടാത്ത രഹസ്യം, ആക്രമണം തുടങ്ങിയവ) ശബ്ദം നൽകിയത് ആലപ്പി അഷ്റഫ് ആയിരുന്നു. സിനിമാ മേഖലയിലെ അറിയാക്കഥകൾ പ്രേക്ഷകരുമായി അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വെളിപ്പെടുത്തലുകളെല്ലാം. ഇപ്പോഴിതാ കുതിരവട്ടം പപ്പുവിനെക്കുറിച്ചാണ് അദ്ദേഹം തന്റെ പുതിയ വീഡിയോയിൽ പറയുന്നത്.
അസൂയ, കുശുമ്പ്, പാരവെപ്പ് തുടങ്ങിയവയൊന്നും പപ്പുവേട്ടന്റെ നിഘണ്ടുവിലേ ഇല്ലാത്ത കാര്യമാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു വീഡിയോയിൽ പറയുന്നു. ഒരു ശുദ്ധ ഹൃദയത്തിനുടമയും നല്ലൊരു ഭക്ഷണപ്രിയനുമായിരുന്നു പപ്പുവേട്ടനെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
‘അധികമാരും അറിയാത്ത ഒരു കറുത്ത ഏട് പപ്പുവേട്ടന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഞാൻ ഡബ്ബിംഗ് ആർട്ടിസ്റ്റായിരിക്കുമ്പോൾ മദ്രാസിലാണ് സംഭവം നടക്കുന്നത്. തമിഴിലും ഇംഗ്ലീഷിലുമൊക്കെയുള്ള പേപ്പറുകളിൽ മുൻപേജ് വാർത്തയായി വന്നത് ഇന്നും ഞാൻ ഓർക്കുന്നു. ആ സംഭവം എന്താണെന്നുവച്ചാൽ പപ്പുവേട്ടന്റെ ഒരു പെൺസുഹൃത്ത് അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചുവെന്നതാണ്. തോക്കുപയോഗിച്ച് ഒന്നുരണ്ട് വെടിയുതിർത്തു. എന്നാൽ പപ്പുവേട്ടന്റെ ചെവിയുടെ അരികിലൂടെ ഉണ്ടകൾ ചീറിപ്പായുകയാണ് ചെയ്തത്.
അവരുടെ സൗഹൃദ ബന്ധത്തിലെ ഉലച്ചിലിൽ നിന്ന് ഉടലെടുത്ത വൈരാഗ്യമാണ് വെടിവയ്പിൽ കലാശിച്ചത്. അവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും തമിഴ്നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്‌തെങ്കിലും കേരളത്തിലെ പത്രങ്ങളൊന്നും ആ വാർത്തയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. അതുകൊണ്ടായിരിക്കാം അധികമാരും അറിയാതെ പോയത്. ഞാൻ ആ സ്ത്രീയുടെ പേര് വെളിപ്പെടുത്താത്തതിന്റെ കാരണം, ഈ വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഞാൻ ഭാഗ്യലക്ഷ്മിയെ വിളിച്ച് അവരുടെ നമ്പർ വാങ്ങിയിരുന്നു. പേര് വെളിപ്പെടുത്തുന്നതിൽ അവർക്ക് എതിർപ്പുണ്ട്. അതിനാൽ പറയുന്നില്ല.’- ആലപ്പി അഷ്റഫ് പറഞ്ഞു.