കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്‌സര ആല്‍ബി. സാന്ത്വനം എന്ന പരമ്പരയിലെ വില്ലത്തി കഥാപാത്രമായ ജയന്തിയായി പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് അപ്‌സര. പിന്നാലെ താരം ബിഗ് ബോസിലുമെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ തുടക്കം മുതല്‍ ശക്തമായ സാന്നിധ്യമായിരുന്നു അപ്‌സര. ടോപ് ഫൈവിലെത്തുമെന്ന് എല്ലാവരും കരുതിയിരുന്ന അപ്‌സരയുടെ പുറത്താകല്‍ അപ്രതീക്ഷിതമായിരുന്നു. ഇതിനിടെ കഴിഞ്ഞ കുറേനാളുകളായി അപ്‌സരയുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. അപ്‌സരയും ഭര്‍ത്താവ് ആല്‍ബിയും പിരിഞ്ഞുവെന്നാണ് ചില യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കുകയാണ് അപ്‌സര.
തന്റെ കുടുംബകാര്യത്തിൽ ആരും ഇടപെടേണ്ട എന്നും താനും ഭർത്താവ് ആൽബിയും ഇതുവരെ വിവാഹമോചിതരായിട്ടില്ലെന്നും അപ്‍സര പറയുന്നു. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കണ്ട് മറ്റുള്ളവർ വന്ന് കമന്റ് ചെയ്യേണ്ട കാര്യമില്ലെന്നും അതും പ്രതീക്ഷിച്ച് ഇരിക്കേണ്ടെന്നും അപ്‍സ പറഞ്ഞു.
”ഞാനോ എന്റെ ഭർത്താവോ അക്കാര്യത്തിൽ നിങ്ങളോട് എന്തെങ്കിലും പറയുന്നതുവരെ ആരും ഇതേക്കുറിച്ച് പ്രതികരിക്കേണ്ടതില്ല. അതിനുള്ള അധികാരം ഞാൻ ആർക്കും നൽകിയിട്ടുമില്ല. ഞങ്ങൾ പിരിഞ്ഞാലും ഇല്ലെങ്കിലും നിങ്ങൾക്ക് എന്താണ് പ്രശ്നം”, അപ്സര ചോദിച്ചു.
ഒരു അഭിനേതാവ് എന്ന നിലയിൽ തന്നെ ആളുകൾക്ക് വിമർശിക്കാമെന്നും എന്നാൽ തന്റെ വ്യക്തിജീവിതം ചർച്ചയാക്കി വിമർശിക്കേണ്ട കാര്യമില്ലെന്നും അപ്സര പറഞ്ഞു. ബിഗ്ബോസിൽ മൽസരിച്ചതു മൂലം തന്റെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ബിഗ്ബോസ് മൂലം മറ്റാരുടെയെങ്കിലും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും അപ്സര പറഞ്ഞു.
ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളും കമന്റുകളും തന്നെ ഉൾപ്പെടെ ടാഗ് ചെയ്‍തുകൊണ്ടുള്ള പോസ്റ്റുകളും താൻ കാണുന്നുണ്ടെന്നും തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കാൻ താത്പര്യമില്ലെന്നും അപ്‍സര പറഞ്ഞു. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നും താരം ചോദിച്ചു.