Movie News

4k തിളക്കത്തിൽ വല്ല്യേട്ടൻ ഒടിടിയിലേക്ക് എത്തുന്നു, സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട മമ്മൂട്ടി ചിത്രമാണ് വല്ല്യേട്ടൻ. പൗരുഷത്വത്തിൻ്റെ പാരമ്യതയിലൂടെ ഷാജി കൈലാസും – രഞ്ജിത്തും അവതരിപ്പിച്ച് പ്രേഷക പ്രശംസ നേടിയ അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം പുതിയ ശബ്ദ , ദൃശ്യവിസ്മയത്തോടെ 4 കെ മികവിൽ തിയേറ്ററുകളിൽ എത്തിയിരുന്നു. 2000 ല്‍ തിയറ്ററുകളിലെത്തിയപ്പോള്‍ വലിയ വിജയം നേടിയ ചിത്രം 24-ാം വര്‍ഷത്തിലാണ് 4 കെ പ്രൗഡിയോടെ റീ റിലീസ് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 29 ന് ആയിരുന്നു ചിത്രത്തിന്‍റെ 4 കെ പതിപ്പിന്‍റെ റീ റിലീസ്. ഇപ്പോഴിതാ 4 കെ, ഡോള്‍ബി പതിപ്പ് ഒടിടിയിലേക്കും എത്തുകയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടുണ്ട്. മനോരമ മാക്സിലൂടെ ഫെബ്രുവരി 7 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.

2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് ചിത്രം നിര്‍മ്മിച്ചത്. മാറ്റിനി നൗ ആണ് ചിത്രം റീമാസ്റ്റര്‍ ചെയ്തത്. പ്രശസ്ത ദക്ഷിണേന്ത്യൻ താരങ്ങളും അണിയറപ്രവർത്തകരും അണിനിരക്കുന്ന ഒരു ചിത്രം കൂടിയാണ് ‘വല്യേട്ടൻ’. വൻവിജയമായി മാറിയ പൊന്നിയിൻ സെൽവൻ, ബർഫി, തമാശ, ദശാവതാരം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനായ രവി വർമ്മൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രം കൂടിയാണ് ‘വല്യേട്ടൻ’.

നിരവധി ഭാഷകളിലെ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ രാജാമണിയാണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. ആഖ്യാനത്തിൻ്റെ വൈകാരിക വ്യാപ്തിയും തീവ്രതയും വർധിപ്പിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പശ്ചാത്തല സംഗീതത്തിന്റെ പങ്ക് നിർണായകമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. ചിത്രസംയോജനം നിർവഹിച്ചത് എൽ ഭൂമിനാഥനും കലാസംവിധാനം നിർവഹിച്ചത് ബോബനുമാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസനാണ്. ഡോൾബി അറ്റ്മോസ് മിക്സിംഗ് ചെയ്തത് എം ആർ രാജാകൃഷ്ണൻ. ധനുഷ് നയനാരാണ് സൌണ്ട് ഡിസൈനിംഗ് നിർവഹിച്ചിരിക്കുന്നത്.