തെന്നിന്ത്യൻ താരം നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയചിത്രമാണ് ‘തണ്ടേൽ’. ഫെബ്രുവരി ഏഴാം തീയതിയാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിൽ മത്സ്യത്തൊഴിലാളിയുടെ വേഷത്തിൽ നാഗചൈതന്യ എത്തുന്നു. ഇന്ത്യയിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനുപോകുന്നവരെ പാക്കിസ്ഥാൻ സൈന്യം പിടികൂടുന്നതും തടവിലാക്കുന്നതുമാണ് സിനിമയുടെ പ്രമേയം.
കഴിഞ്ഞദിവസം സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് മുംബൈയില്‍വെച്ച് നടന്നിരുന്നു. ബോളിവുഡ് താരം ആമിര്‍ ഖാന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ലോഞ്ചില്‍ ചിത്രത്തിലെ നായികയായ സായ് പല്ലവി പങ്കെടുത്തിരുന്നില്ല. ഇത് സാമൂഹികമാധ്യമങ്ങളിലടക്കം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, സായ് പല്ലവി ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ചന്ദൂ മൊണ്ടേട്ടി.
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് സായ് പല്ലവി മുംബൈയിലെ ‘തണ്ടേല്‍’ ഹിന്ദി ട്രെയ്ലര്‍ ലോഞ്ചില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ചന്ദൂ മൊണ്ടേട്ടി മാധ്യങ്ങളോട് പ്രതികരിച്ചത്. പനി ബാധിച്ചതിനാല്‍ ഡോക്ടര്‍ സായ് പല്ലവിക്ക് രണ്ടുദിവസത്തെ പൂര്‍ണവിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
”സായ് പല്ലവിയും മുംബൈയിലെ ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നു. പക്ഷേ, സിനിമ പ്രൊമോഷന്റെ ഭാഗമായി പലസ്ഥലങ്ങളിലേക്കും യാത്രചെയ്തതിനാല്‍ അവര്‍ക്ക് പനി ബാധിച്ചു. ഡോക്ടര്‍ രണ്ടുദിവസത്തെ പൂര്‍ണവിശ്രമം നിര്‍ദേശിച്ചു”, ചന്ദൂ മൊണ്ടേട്ടി വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചന്ദു മൊണ്ടേതിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സംഗീതം ദേവി ശ്രീ പ്രസാദ്. നാഗചൈതന്യയുടെ 23ാം ചിത്രമാണിത്. ഫെബ്രുവരി ഏഴിന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് അല്ലു അരവിന്ദ് ആണ്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസായ ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസ് ചിത്രം നിർമിക്കുന്നു.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും.