മലയാളത്തിന്റെ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്. ജനുവരി 23 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തിയ സിനിമ ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം വിജയമായതിന്റെ സക്സസ് ടീസർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ചിത്രത്തിലെ ചില രസകരമായ രംഗങ്ങളും പ്രധാന രംഗങ്ങളും കോർത്തിണക്കിയതാണ് ടീസർ. വിജയക്കുതിപ്പിന് പിന്നാലെ ചിത്രം ഇതുവരെ എത്ര നേടി എന്നാണ് പ്രേക്ഷകർ തിരയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന ഗ്രോസ് കളക്ഷന്‍ 7.45 കോടിയാണ്. നെറ്റ് കളക്ഷന്‍ 7.87 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 7.05 കോടിയാണ്. ഇതും ചേര്‍ത്ത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിട്ടുള്ളത് 14.5 കോടിയാണ്. ജനുവരി 30 വരെയുള്ള കണക്കുകൾ ആണിത്.
ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ഡൊമിനിക് ഡിറ്റക്ടീവ്സ് എന്ന ഏജൻസി നടത്തുന്ന സി ഐ ഡൊമിനിക് ആയി മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റ് ആയ വിഘ്നേഷ് ആയി ഗോകുൽ സുരേഷും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം, അതീവ രസകരമാണെന്നാണ് പ്രേക്ഷകാഭിപ്രായം. മമ്മൂട്ടി എന്ന നടൻ്റെ വ്യത്യസ്തമായ ഭാവവും പ്രകടനവും തന്നെയാണ് ചിത്രത്തിൻ്റെ ആകർഷണം എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റ് ആയി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു. മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ ഡോ. നീരജ് രാജന്‍, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍, ഛായാഗ്രഹണം വിഷ്ണു ആര്‍ ദേവ്, എഡിറ്റിംഗ് ആന്‍റണി, സംഗീതം ദര്‍ബുക ശിവ.