വരുൺ ധവാൻ നായകനായ കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ബേബി ജോൺ. വലിയ ക്യാൻവാസിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് ബേബി ജോൺ.ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോൾ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കാൻ പോവുകയാണ്.
ഇതനുസരിച്ച് ആമസോൺ പ്രൈമിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 28 മുതൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് വിവരം. അതിന് മുൻപ് ഒടിടി റിലീസ് ചെയ്യാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് രാജ്യത്ത് 60 കോടിയോളം കളക്ഷൻ മാത്രമാണ് നേടാൻ കഴിഞ്ഞത്.
ചിത്രം തിയേറ്ററുകളിൽ എത്തി ആദ്യ ദിനങ്ങളിൽ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. ഇത് ചിത്രത്തിന്റെ തകർച്ചയ്ക്ക് കാരണമായിരുന്നു. വിജയ്‌യുടെ പ്രകടനത്തിനൊപ്പം എത്താൻ വരുൺ ധവാനായില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വന്നത്. തമിഴ് വേർഷനായ തെരിയുടെ സീൻ ബൈ സീൻ റീമേക്ക് ആണ് ബേബി ജോണെന്നും ഒരു പുതുമയും സിനിമയിൽ അവകാശപ്പെടാനില്ലെന്നുമാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദളപതിയുടെ സ്വാഗിനും സ്റ്റൈലിനുമൊപ്പം എത്താൻ വരുണിനെക്കൊണ്ട് കഴിയുന്നില്ലെന്നും ചിത്രത്തിന്റെ ദൈർഘ്യം വളരെ കൂടുതലാണെന്നുമായിരുന്നു മറ്റ് പ്രതികരണങ്ങൾ.
ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ,അറ്റ്ലി എന്നിവരാണ് ചിത്രം നിർമിച്ചത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. സിനിമയിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നതിന് വരുൺ ധവാൻ 25 കോടിയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് നടന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫല തുകയാണ്. ബോളിവുഡിന്റെ സൂപ്പർതാരം സൽമാൻ ഖാനും സിനിമയിൽ ഒരു സ്പെഷ്യൽ കാമിയോ ചെയ്തിരുന്നു.