Kozhikode

ലഹരി ഉപയോഗം ചോദ്യം ചെയ്തു; ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി | explosive thrown at the house

നടുവണ്ണൂര്‍ പഞ്ചായത്തിലെ വെള്ളിയൂരില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്

കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. നടുവണ്ണൂര്‍ പഞ്ചായത്തിലെ വെള്ളിയൂരില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ഡിവൈഎഫ്‌ഐ കരുവണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗമായ ജഗന്റെ വീടിന് നേരെയാണ് പടക്കം പോലെയുള്ള സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണം നടക്കുമ്പോള്‍ ജഗനും സഹോദരി സ്‌നേഹയും അമ്മയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പിതാവ് ഗിരീഷ് വിദേശത്ത് ജോലി ചെയ്യുകയാണ്.

അതേസമയം, സമീപത്തെ ക്ഷേത്രോത്സവത്തിനിടയില്‍ ലഹരി ഉപയോഗിച്ച ഏതാനും പേര്‍ സ്ത്രീകളെ ശല്യം ചെയ്ത സംഭവം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനുള്ള പ്രതികാരമെന്നോണമാണ് ആക്രമണം നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഉറങ്ങുകയായിരുന്ന വീട്ടുകാര്‍ ഉഗ്രശബ്ദം കേട്ട് പുറത്ത് ഇറങ്ങി നോക്കുകയായിരുന്നു. ഏതാനും പേര്‍ ഓടിപ്പോകുന്നത് കണ്ടതായി വീട്ടുകാര്‍ പറഞ്ഞു. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

content highlight : complaint-that-an-explosive-device-was-thrown-at-the-house-of-a-dyfi-leader

Latest News