Movie News

‘ആ സിനിമയെക്കുറിച്ച് അങ്ങനെ പറയരുതായിരുന്നു’ : തെറ്റ് തുറന്ന് സമ്മതിച്ച് ​ഗൗതം മേനോൻ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മമ്മൂട്ടി ചിത്രമായ ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെ സംവിധായകന്‍ ഗൗതം മേനോൻ നടത്തിയ പ്രസ്താവന വലിയ രീതിയിൽ ചർച്ചയായിരുന്നു. പരാജയപ്പെട്ട ഒരു ചിത്രം തന്റേതല്ലെന്ന് പറഞ്ഞ് തള്ളിപ്പറഞ്ഞ ​ഗൗതം മേനോന്റെ പ്രസ്താവനയായിരുന്നു വിവാദമായത്. 2019 ല്‍ പുറത്തിറങ്ങിയ എന്നെ നോക്കി പായും തോട്ട എന്ന സിനിമയെയാണ് സംവിധായകൻ തള്ളിപ്പറഞ്ഞത്.

‘എന്നെ നോക്കി പായും തോട്ട’യുടെ പേര് ​അഭിമുഖത്തിനിടെ അവതാരകൻ പരാമര്‍ശിക്കുകയായിരുന്നു. ഇത് കേട്ടതും ഉടനെ ഗൗതം മേനോന്‍ ഇടപെട്ടു. ഏത് സിനിമയെക്കുറിച്ചാണ് പറയുന്നത് എന്ന് അദ്ദേഹം അവതാരകനോട് ചോദിച്ചു. സിനിമയുടെ പേര് പറഞ്ഞപ്പോള്‍ അത് തന്റെ സിനിമയല്ലെന്നും അതിലെ ഒരു പാട്ട് മാത്രമാണ് ഓര്‍മ്മയുള്ളതെന്നുമായിരുന്നു ഗൗതം വാസുദേവ് മേനോൻ മറുപടി പറഞ്ഞു. അതിന്റെ കാരണമായി ​ഗൗതം മേനോന് നിരത്താനും ചില കാര്യങ്ങൾ ഉണ്ട്. സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് ഗൗതം വാസുദേവ് മേനോന്‍ എന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ധനുഷ് നിയന്ത്രണം ഏറ്റെടുത്ത സിനിമയായിരുന്നു എന്നെ നോക്കി പായും തോട്ട. ധനുഷ് അനാവശ്യമായ മറ്റങ്ങള്‍ വരുത്തുകയും ആവശ്യമില്ലാത്ത ചുംബന രംഗങ്ങള്‍ ഉൾപ്പെടുത്തുകയും ചെയ്തെന്നും ​സംവിധായകൻ അന്ന് പറഞ്ഞു. എന്നാൽ ഇപ്പോൾ ഈ വാക്കുകൾ എല്ലാം തമാശയായിരുന്നു എന്നാണ് ​ഗൗതം മേനോൻ പറയുന്നത്.

ഷൂട്ടിങ്ങിനിടെ പല വെല്ലുവിളികൾ നേരിട്ടതിനാൽ ‘എന്നെ നോക്കി പായും തോട്ട’ രണ്ടാം പകുതിയിൽ തൃപ്തനായിരുന്നില്ല. എന്‍റെ കൂടെ പ്രവര്‍ത്തിപ്പിച്ചവര്‍ അടുത്തിടെ നടന്ന അഭിമുഖത്തിലെ എന്‍റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് എന്നോട് പറഞ്ഞു. അപ്പോള്‍ അതില്‍ വിശദീകരണം നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചു. ഇത് ഇത്രയും വിവാദമായത് താന്‍ അറിഞ്ഞില്ലെന്നും, താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവം അല്ലെന്നും ഗൗതം മേനോന്‍ പറയുന്നു.

ആ ചിത്രം മറ്റാരെങ്കിലും നിര്‍മ്മിച്ച ചിത്രം ആണെങ്കിലും, ഞാൻ ആ പ്രസ്താവന നൽകിയിട്ടുണ്ടെങ്കിൽ, അത് പൂർണ്ണമായും തെറ്റാണ്. എന്നെ നോക്കി പായും തോട്ട എന്റെ ചിത്രമാണ്. ഞാൻ ആഗ്രഹിച്ച രീതിയില്‍ ആദ്യ പകുതിയിൽ മാത്രമാണ് സ്‌ക്രീനില്‍ എത്തിക്കാന്‍ സാധിച്ചത്. വട ചെന്നൈയുടെ തിരക്കിലായതിനാൽ എനിക്ക് ധനുഷിന്‍റെ ഡേറ്റ് ലഭിക്കില്ല. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം എനിക്ക് പൂർത്തിയാക്കേണ്ടി വന്നു എന്നും ഗൗതം വാസുദേവ് ​​മേനോൻ പറയുന്നു.