കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍.പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാതപിന്തുടര്‍ന്ന് രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ നിഖില സിനിമയിലെത്തിയിരുന്നു. എന്നാല്‍ മൂത്ത സഹോദരിയായ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില. ഏറെ നാളായി ആധ്യാത്മിക പാതയിലാണെന്നാണ് അഖിലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ സന്യാസ ദീക്ഷ സ്വീകരിച്ച് അവന്തികാ ഭാരതി എന്ന പേര് സ്വീകരിച്ചു എന്നാണ് അഭിനവ ബാലാനന്ദഭൈരവയുടെ കുറിപ്പ് സൂചിപ്പിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. അഖില എന്തുകൊണ്ട് ഇത്തരമൊരു ചിത്രം പങ്കുവച്ചു എന്ന സോഷ്യൽ മീഡിയയുടെ അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ്. ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എൻ്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്. അഭിനവ പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തിൽ സന്യാസ വേഷത്തിൽ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയും കാണാം.
ഇപ്പോഴിതാ പെട്ടെന്ന് ഒരു ദിവസം എടുത്ത തീരുമാനത്തിന്റെ പുറത്ത് സന്യാസിനി ആയതല്ല അഖിലേ എന്ന് പറയുകയാണ് തിരക്കഥാകൃത്തും അഖിലയുടെ സുഹൃത്ത് കൂടിയായ ആര്‍ രാമാനന്ദ്. ഒരുമിച്ച് പഠിക്കുന്ന കാലം മുതലേ തനിക്ക് അഖിലയെ അറിയാമെന്നാണ് രാമാനന്ദ് പറയുന്നത്.
‘അഖില വിമല്‍ സന്ന്യാസം സ്വീകരിച്ചു അവന്തിക ഭാരതി ആയതാണെല്ലോ പുതിയ വാര്‍ത്ത. എനിക്ക് കഴിഞ്ഞ പത്തു വര്‍ഷമായി വളരെ നന്നായി അറിയുന്ന ആളാണ് അഖില. ഞങ്ങള്‍ രണ്ടുപേരും ജെഎന്‍യു വിലാണ് പഠിച്ചത്. ഞാന്‍ കാണുന്ന കാലത്തേ അഖില ഭാരതീയ ശാസ്ത്രങ്ങളോട് അസാമാന്യമായ താല്പര്യമുള്ള ആളാണ്.
ആയുര്‍വ്വേദം ആകട്ടെ, തന്ത്രം ആകട്ടെ സംസ്‌കൃതം ആകട്ടെ നിഷ്ഠയോടെ പഠിക്കുന്ന സ്വഭാവം ഉള്ള ആള്‍. അതേസമയം ശക്തമായ ഇടതുപക്ഷ രാഷ്ട്രീയവും മനസ്സില്‍ സൂക്ഷിച്ചിരുന്നു. അതല്ലേ അതിന്റെ സൗകുമാര്യം?
ഞങ്ങളൊരുമിച്ചു പണ്ടൊരു പ്രാന്തന്‍ യാത്ര പോയിട്ടുണ്ട്. കാശിയിലേക്ക്, സാരാനാഥ് പോകുന്ന വഴി ഞങ്ങളുടെ രണ്ടുപേരുടെയും പേഴ്‌സ് നഷ്ട്ടപെട്ടു, നിസ്വരായി കാശിയില്‍ തെണ്ടി നടന്നൊരു യാത്ര. പിന്നീട് നാട്ടിലുള്ള ഐവര്‍മഠം രമേശ് കോരപ്പത്തിനെ വിളിച്ചു അദ്ദേഹം ബനാറസിലെ സുരേഷ് നായര്‍ എന്നൊരാളെ പരിചയപ്പെടുത്തി അയാള്‍ തന്ന കാശുമായി ഡല്‍ഹി വരെയെത്തിയ ഒരു ഓര്‍മ്മ.
അഖില അക്കാഡമിക്‌സില്‍ വളരെ മികവുള്ള ഒരാളാണ്, പി എച് ഡി കഴിഞ്ഞു ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയില്‍ പഠിക്കുകയായിരുന്നു. ധാരാളം അക്കാദമിക മികവുള്ള പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച ആളാണ്. സന്ന്യാസം സ്വീകരിച്ച ഐഐടിക്കാര്‍ എന്ന പോലെ ആയിരുന്നു അഖിലയുടെ സന്ന്യാസം ചര്‍ച്ച ചെയ്യപെടേണ്ടി ഇരുന്നത് (അല്ല അതൊന്നും സന്ന്യാസികള്‍ക്ക് വിഷയമുള്ള കാര്യമല്ല എന്നാലും) നിഖിലയുടെ ചേച്ചി ആയി എന്നത് കൊണ്ട് അഖിലയ്ക്ക് സ്വതന്ത്രമായ അസ്തിത്വം പാടില്ല എന്നില്ലല്ലോ, അല്ലെങ്കിലേ നമ്മുടെ ഒക്കെ വീടുകളില്‍ എല്ലാവരും ഒരു അച്ചില്‍ ഇട്ടു വാര്‍ത്ത പോലെ ആണോ?
അഖില എന്റെ അറിവില്‍ ഒരു പത്തു കൊല്ലമായി ഈ പാതയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്, ഇപ്പോള്‍ അത് എല്ലാവരും അറിഞ്ഞു എന്ന് മാത്രം. അഖില മുഖാന്തിരം ഇപ്പോള്‍ മഹാമണ്ഡലേശ്വര്‍ ആയി ചുമതല ഏറ്റ ആനന്ദവന ഭാരതി സ്വാമികളെയും മുന്‍പേ അറിയാം. വളരെ അധികം കാര്യങ്ങള്‍ സമൂഹത്തിനായി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വം.
പറഞ്ഞു വരുന്നത് ഹൈന്ദവ പാരമ്പര്യത്തില്‍ തലപൊക്കമുള്ള ജൂന അഖാഡ ഇന്നലെ വന്ന ഒരാള്‍ക്ക് പെട്ടന്ന് എടുത്ത് സന്ന്യാസം കൊടുത്തതല്ല എന്നാണ്. നിഖിലയോടു രാഷ്ട്രീയമായ വിയോജിപ്പുണ്ടാകാം എന്നാല്‍ ആ രാഷ്ട്രീയം വെച്ച് ആര്‍ഷ പാരമ്പര്യത്തെ അപഹസിക്കരുത്. സന്ന്യാസം വ്യക്തിനിഷ്ഠമാണ് ആരാണ് യഥാര്‍ത്ഥ സന്ന്യാസി എന്ന് ചോദിച്ചാല്‍ സന്യാസിക്ക് മാത്രമേ അതിനു ഉത്തരമുള്ളു. അത് നമ്മുടെ വിധി കല്പനകള്‍ക്കൊക്കെ അതീതമാണ്.’ എന്നുമാണ് ആര്‍ രാമാനന്ദ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
content highlight: actress-nikhila-vimals-sister-akhilas-life