സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ‘ബാഡ് ഗേള്‍’ എന്ന തമിഴ് സിനിമ നിരോധിക്കാന്‍ ആവശ്യവുമായി നാടാര്‍ സംഘവും തമിഴ്നാട് ബ്രാഹ്‌മണ അസോസിയേഷനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിവേദനം നല്‍കി. കൂടാതെ ഇത് സംബന്ധിച്ച് ബ്രാഹ്‌മണ അസോസിയേഷന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ വെട്രിമാരന് വക്കീല്‍ നോട്ടീസയച്ചു. ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ‘ബാഡ് ഗേളി’നെതിരേ വിമര്‍ശനം ശക്തമായിരുന്നു.
ടീസറില്‍ സ്‌കൂള്‍കുട്ടികളെ വളരെ മോശപ്പെട്ടരീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നാടാര്‍ സംഘം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സിനിമയിലെ നായിക തെറ്റായവഴിയില്‍ സഞ്ചരിക്കുന്ന ബ്രാഹ്‌മണ വിദ്യാര്‍ഥിയാണെന്നും സമുദായത്തെ മനഃപൂര്‍വം അപമാനിക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നും ബ്രാഹ്‌മണ അസോസിയേഷന്‍ ആരോപിച്ചു. ഇത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബ്രാഹ്‌മണവിഭാഗം പരിഹസിക്കപ്പെടാന്‍ ഇടയാക്കുമെന്നും ജാതി അടിസ്ഥാനത്തിലുള്ള വിഭജനത്തിനും കാരണമാകുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.
കൂടാതെ ഇതില്‍ യുവതലമുറ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നതും മദ്യപിക്കുന്നതും സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായ രംഗങ്ങള്‍ ഉണ്ടെന്നും ഇത് രക്ഷിതാക്കളെ ഏറെ വേദനപ്പെടുത്തുന്നതാണെന്നും നാടാര്‍ അസോസിയേഷന്‍ ആരോപിച്ചു. സ്ത്രീകളെ അമ്മയായും ദൈവങ്ങളായും കാണുന്ന തമിഴ്‌നാട്ടില്‍ ഇത്തരം സാംസ്‌കാരിക അവഹേളനമുണ്ടാക്കുന്ന സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് മുഖ്യമന്ത്രിയോടുള്ള സംഘടനയുടെ ആവശ്യം.
നേരത്തെ സിനിമയുടെ ടീസര്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നിര്‍മാതാവ് ജി. മോഹന്‍ ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സംവിധായകരായ വെട്രിമാരനും അനുരാഗ് കശ്യപും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘ബാഡ് ഗേള്‍’ സംവിധാനം ചെയ്തിരിക്കുന്നത് വര്‍ഷ ഭരത് ആണ്.
STORY HIGHLIGHT: vetri maarans bad girl
















