കഴിഞ്ഞ ഏതാനും നാളുകളായി സിനിമാ മേഖലയിൽ കണ്ടുവരുന്നത് റി റിലീസ് ട്രെന്റുകളാണ്. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് വൻ സ്വീകാര്യത നേടിയ സിനിമകളാണ് ഇത്തരത്തിൽ വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്നത്. മലയാളത്തിലും ഒരുപിടി സിനിമകൾ റി റിലീസ് ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്താൻ പോകുന്നത് മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥയാണ്. ഈ അവസരത്തിൽ മോഹൻലാലിന്റെ ഒരു സിനിമ കൂടി റി റിലീസ് ചെയ്യാൻ പോകുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
2007ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ‘ഛോട്ടാ മുംബൈ’ ആണ് ആ ചിത്രം. വാസ്കോഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ചിത്രം റീ റിലീസിനു ഒരുങ്ങുന്നുവെന്ന വിവരം മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവാണ് പങ്കുവെച്ചത്. മണിയൻ പിള്ള രാജു ആയിരുന്നു ചിത്രം നിർമ്മിച്ചത്.
ഇൻസ്റ്റാഗ്രാം പോസ്റ്റിനു കീഴിൽ ‘ചോട്ടാ മുംബൈ’ ചിത്രം 4 കെ യിൽ റീ റീലീസ് ചെയ്യുമോ എന്ന ആരാധകന്റെ കമ്മന്റിനാണ് നിരഞ്ജ് മറുപടി നൽകിയത്. ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും റീറിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ.
ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമയിലെ പാട്ടുകളും മാസ്സ് ഡയലോഗുകളുമെല്ലാം ഇപ്പോഴും ട്രെൻഡിങ് ആയി തുടരുന്നതാണ്.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാലിന്റേതായി റി റിലീസ് ചെയ്യുന്ന പടമാകും ഛോട്ടാ മുംബൈ. മലയാളം റി റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ദേവദൂതൻ ആണ്. 5.4 കോടിയാണ് കളക്ഷൻ. മണിച്ചിത്രത്താഴ് 4.4 കോടിയും സ്ഫടികം 4.82 കോടിയും നേടിയെന്നാണ് റിപ്പോർട്ടുകൾ.