നന്ദനം , അമ്മക്കിളിക്കൂട്, വെള്ളിത്തിര എന്നീ ചിത്രങ്ങളിൽ നവ്യയും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. മറ്റു പല നായകന്മാർക്കൊപ്പവും പൃഥ്വിരാജിന്റെ പേര് കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ അത്തരം വാർത്തകളോട് പ്രതികരിക്കുകയാണ് നടന്റെ അമ്മയായ മല്ലിക സുകുമാരൻ.
നവ്യ, കാവ്യ തുടങ്ങിയ നടിമാരെയും പൃഥ്വിരാജിനെയും കുറിച്ച് പ്രചരിച്ച കഥകൾ ഇവർ പങ്കുവെച്ചു. കൗമുദി മൂവീസിനോടാണ് പ്രതികരണം. മലയാളികൾക്ക് ഒരു ധാരണയുണ്ട്. അഞ്ച് പടത്തിൽ ഒരു നായിക ഒരുമിച്ച് അഭിനയിച്ചാൽ ആ നായികയെ കെട്ടുമോ, കെട്ടാതെ പോയതാണോ, അവർക്കിഷ്ടമായിരുന്നു എന്നെല്ലാം കഥകൾ വരും. ആര് അടിച്ചുണ്ടാക്കിയ കഥകളാണെന്ന് എനിക്കറിയില്ല.
പൃഥ്വിരാജ് വെള്ളിത്തിരയിൽ അഭിനയിക്കുമ്പോൾ ചേച്ചിയുടെ നാട്ടുകാരിയാണ് നവ്യ നായരെന്ന് ചിലർ പറഞ്ഞു. അതുകൊണ്ടെന്താണെന്ന് ഞാൻ ചോദിച്ചു. എനിക്കറിയാവുന്ന ടീച്ചറുടെ മോളാണത്. നവ്യയുടെ അച്ഛനെയും അമ്മയെയുമൊക്കെ അറിയാം. വെറുതെ വിടെന്ന് ഞാൻ പറഞ്ഞു. അവർ നല്ല സുഖമായി ജീവിക്കുന്നു. ഒന്നാന്തരം ഡാൻസറുമാണ് ആ കുട്ടി.
അടുത്ത പടത്തിൽ വേറൊരു നായിക വന്നപ്പോൾ അത് പോയി. കുറേക്കാലം പിന്നെ കാവ്യ മാധവന്റെ പേര് ചോദിച്ചു. പരിചയം വെച്ച് കല്യാണത്തിനും മറ്റും പോകും. അതിന്റെ പേരിൽ എന്തോ ഉദ്ദേശിച്ചാണ് അവരീ കല്യാണത്തിന് വന്നതെന്ന് പറയുന്നത് ശരിയല്ലെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. അതുപോലെ സംവൃത സുനിലും. അവർ രണ്ട് പേരും അഭിനയിച്ച മാണിക്യകല്ല് എന്ന സിനിമയുണ്ട്.
സംവൃതയ്ക്ക് പറ്റിയ വേഷമാണത്. എനിക്ക് സംവൃതയെ വളരെ ഇഷ്ടമാണ്. അടക്കവും ഒതുക്കവുമുള്ള കുട്ടിയാണ്. എല്ലാ കാര്യത്തിലും മിടുക്കിയാണ്. നല്ല സംസാരവുമാണ്. അഭിനയവും നല്ലത്. എനിക്ക് വലിയ ഇഷ്ടമാണ്. എപ്പോഴും മോനോട് നല്ല ആർട്ടിസ്റ്റാണ് സംവൃതയെന്ന് ഞാൻ പറയുമായിരുന്നു. അവർ ഒരുമിച്ച് അഭിനയിച്ചപ്പോൾ നല്ല കെമിസ്ട്രി തോന്നി. അത് പറയുന്നതിൽ എന്താണ് തെറ്റ്. എല്ലാം കഴിഞ്ഞ് വളരെ ശക്തമായി കേട്ടു ഇപ്പോൾ മീര ജാസ്മിനെ കെട്ടുമെന്ന്. ഇത്തരം ഗോസിപ്പുകൾ പ്രചരിക്കുന്നത് തെറ്റാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
സുപ്രിയ മേനോനാണ് പൃഥ്വിരാജിന്റെ ഭാര്യ. മുൻ മാധ്യമപ്രവർത്തകയായ സുപ്രിയ ഇന്ന് പൃഥ്വിക്കൊപ്പം സിനിമാ നിർമാണത്തിൽ ശ്രദ്ധ കൊടുക്കുന്നു. അലംകൃത എന്നാണ് മകളുടെ പേര്. എമ്പുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ് പൃഥ്വിരാജ് ആരാധകർ. മാർച്ച് 27 ന് ചിത്രം തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ആദ്യ ഭാഗം ലൂസിഫർ വൻ ഹിറ്റായിരുന്നു. പൃഥ്വി സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാലാണ് നായകൻ.
content highlight: mallika-sukumaran-recalls-the-stories-about-prithviraj