കാത്തിരുന്ന പ്രഖ്യാപനവുമായി മോളിവുഡ്. മഹേഷ് നാരായണൻ രചനയും, സംവിധാനവും നിർവഹിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ചിത്രീകരണത്തിൽ സൂപ്പർസ്റ്റാർ നയൻതാര ജോയിൻ ചെയ്തു. പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്നു. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമുണ്ട്.
നിലവിൽ കൊച്ചിയിൽ വെച്ച് മമ്മൂട്ടിയും നയൻതാരയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ ആണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുമുൻപ് തസ്കരവീരൻ, രാപ്പകൽ, പുതിയ നിയമം, ഭാസ്കർ ദി റാസ്കൽ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചെത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ ഷെഡ്യൂൾ പൂർത്തിയായ ശേഷം ഡൽഹിയിലാണ് അടുത്ത ഷെഡ്യൂൾ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. അതിനു ശേഷം കൊച്ചിയിൽ വീണ്ടും ആരംഭിക്കുന്ന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്യും.
ഫെബ്രുവരി 10 ന് മോഹൻലാൽ, സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വ’ത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഹൃദയപൂർവത്തിനായി മോഹൻലാൽ ഏറെ നാളുകൾക്ക് ശേഷം താടിയെടുത്ത് പഴയ ലുക്കിലെത്തും. അതിനു ശേഷം ആവും മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്യുക. 150 ദിവസത്തെ ചിത്രീകരണം പ്ലാൻ ചെയ്യുന്ന ചിത്രം ലണ്ടൻ, തായ്‌ലൻഡ്, ഹൈദരാബാദ് എന്നിവടങ്ങളിലും ഷൂട്ട് ചെയ്യും.
പ്രധാന താരങ്ങളെ കൂടാതെ ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, രഞ്ജി പണിക്കർ, ഷഹീൻ സിദ്ധിഖ്, രാജീവ് മേനോൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ മനുഷ് നന്ദൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം, നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. 100 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രമൊരുക്കുന്നത് എന്ന, ചിത്രം നിർമ്മിക്കാൻ അണിയറപ്രവർത്തകർ ആദ്യം സമീപിച്ച നിർമ്മാതാവ് ജോബി ജോർജിന്റെ പ്രസ്താവന അടുത്തിടെ വൈറൽ ആയിരുന്നു.
CONTENT HIGHLIGHTS: LATEST MOVIE UPDATE