Celebrities

ഷാഫിയെ ഒഴിവാക്കിയത് ആ നടന്മാർ; ഡേറ്റ് കൊടുക്കാതിരുന്നത് 2 കൺട്രീസിന് ശേഷം; വെളിപ്പെടുത്തൽ … | santhivila-dinesh-about-shafi

സംവിധായക ജോഡികളായ റാഫി– മെക്കാർട്ടിനിലെ റാഫി ഷാഫിയുടെ സഹോദരനാണ്‌

മലയാളികളെ ചിരിപ്പിച്ച സൂപ്പർ ഹിറ്റ്‌ സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാഫി. ആന്തരിക രക്തസ്രാവത്തെ തുടർന്ന്‌ ജനുവരി 16 മുതൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം പത്താം നാൾ നമ്മെ വിട്ടുപിരിഞ്ഞു. തരംഗം സൃഷ്‌ടിച്ച കോമഡി സിനിമകളുടെ സംവിധായകനാണ്‌ ഷാഫി.

സംവിധായക ജോഡികളായ റാഫി– മെക്കാർട്ടിനിലെ റാഫി ഷാഫിയുടെ സഹോദരനാണ്‌. ആദ്യത്തെ കൺമണി ചിത്രത്തിൽ രാജസേനന്റെ സംവിധാന സഹായിയായാണ്‌ സിനിമയിൽ പ്രവേശിച്ചത്‌. 2022 ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ്‌ അവസാന ചിത്രം. 2018-ൽ ഷാഫി സംവിധാനം ചെയ്ത മെഗാ സ്റ്റേജ് ഷോ മധുരം 18 യുഎസ്എയിലും കാനഡയിലും 15 സ്റ്റേജുകളിലായി അവതരിപ്പിച്ചു.

ആദ്യ സിനിമ വൺ മാൻ ഷോ. 2001ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായകരായെത്തിയത്‌ ജയറാമും ലാലും. തുടർന്ന്‌ കല്യാണരാമൻ, പുലിവാൽ കല്യാണം, മായാവി, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്‌, ചട്ടമ്പിനാട്‌ തുടങ്ങി മലായാളിക്ക് എന്നും ഓർത്ത്‌ ചിരിക്കാൻ കഴിയുന്ന ചിത്രങ്ങൾ സമ്മാനിച്ചു. തമിഴിൽ മജയെന്ന ചിത്രവും സംവിധാനം ചെയ്‌തു. നർമത്തിന്റെ ട്രാക്കിലായിരുന്നു ഷാഫിയുടെ ചലച്ചിത്ര യാത്ര. മമ്മൂട്ടിയുടെയും രാജൻ പി ദേവിന്റെയും ഹാസ്യമികവ്‌ ആസ്വാദകർ അറിഞ്ഞത്‌ ഷാഫി ചിത്രങ്ങളിലൂടെയാണ്‌.

ഇപ്പോഴിതാ ഷാഫിയുടെ മരണത്തിന് പിന്നാലെ അദ്ദേഹം സിനിമാ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും അവഗണനകളും തുറന്നുപറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനെട്ടോളം മികച്ച കോമഡി ചിത്രങ്ങൾ മലയാളത്തിൽ സംവിധാനം ചെയ്‌ത ഷാഫി കഴിഞ്ഞ ഒരു പതിറ്റാണ്ടായി മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടുവെന്നും പല നടന്മാരും അദ്ദേഹത്തിന് ഡേറ്റ് നൽകാൻ പോലും തയ്യാറായില്ലെന്നും ശാന്തിവിള ദിനേശ് ആരോപിക്കുന്നു. ഇതോടെയാണ് ചെറിയ നടന്മാരെ വച്ച് അദ്ദേഹത്തിന് സിനിമകൾ എടുക്കേണ്ടി വന്നതെന്നും ശാന്തിവിള ചൂണ്ടിക്കാണിച്ചു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

വൺ മാൻ ഷോ മുതൽ ആനന്ദം പരമാനന്ദം വരെയുള്ള സിനിമകൾ അദ്ദേഹം ചെയ്‌തിട്ടുണ്ട്‌. 2022ലാണ് അദ്ദേഹത്തിന്റെ അവസാന സിനിമ പുറത്തിറങ്ങിയത്. അതിന് ശേഷം ഷാഫി ആക്ഷനും കട്ടും ഒന്നും പറഞ്ഞിട്ടില്ല. 18 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്‌തു. ബാക്കി ചരിത്രം നമ്മൾ പരിശോധിച്ചാൽ മമ്മൂട്ടി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി ഷറഫുദ്ദീൻ വരെ ഷാഫിയുടെ പടത്തിൽ നായകൻമാരായി വന്നിട്ടുണ്ട്.

മോഹൻലാലിനെ വച്ച് മാത്രം ഷാഫിക്ക് ഒരുപടം ചെയ്യാൻ പറ്റിയില്ല. 2 കൺട്രീസ് വലിയ ലാഭം ചിപ്പി രഞ്ജിത്തിന് ഉണ്ടാക്കി കൊടുത്ത സിനിമയായിരുന്നു. ആ പടം ഓടിത്തകർക്കുന്ന വേളയിൽ ഒരു ദിവസം ഷാഫിയെ കാണാൻ പുതിയ ഓഡി കാറുമായി രഞ്ജിത്ത് കൊച്ചിയിൽ വന്നു. എന്നിട്ട് ഷാഫിയോട് അത് ഓടിച്ചു നോക്കാൻ പറഞ്ഞു. ശരിക്കും അത് ഷാഫിക്ക് രഞ്ജിത്തിന്റെ വകയുള്ള സമ്മാനമായിരുന്നു.

തൊമ്മനും മക്കളും ലാൽ നിർമ്മിച്ച സിനിമയാണ്. ഇതിന്റെ വിജയത്തിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് ഒരു എസ്‌റ്റേറ്റ് തന്നെ ലാൽ വാങ്ങിയെന്ന് പറഞ്ഞാൽ അത് എത്ര ലാഭം ഉണ്ടാക്കി എന്ന് നിങ്ങൾ ആലോചിച്ചു നോക്കൂ. തൊമ്മനും മക്കളും എസ്‌റ്റേറ്റ് എന്നായിരുന്നു അതിന്റെ പേര്. ഷാഫിയുടെ സിനിമകളെല്ലാം പണംവാരി പടങ്ങൾ ആയിരുന്നു.

എന്റെ ഒരു വിഷമം എന്തെന്ന് വച്ചാൽ, 2 കൺട്രീസിന് ശേഷം വിലപിടിപ്പുള്ള ഒരു താരങ്ങളും ഷാഫിക്ക് പിന്നെ ഡേറ്റ് കൊടുത്തില്ല. അത് വളരെ ക്രൂരമായി എന്ന് ഞാൻ പറയും. സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകന് ഒരു സിനിമ ചെയ്യാനുള്ള അവസരം, ആരും ഡേറ്റ് കൊടുത്തില്ല. അവരിൽ പലരും ഷാഫി മരിച്ചു കിടന്നപ്പോൾ എന്റെ സഹോദരനാണ്, എന്റെ അമ്മ പെറ്റതല്ലന്നെ ഉള്ളൂ എന്നൊക്കെ പറഞ്ഞ് വാചകം അടിക്കുകയും പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത്.

ചെറിയ നടന്മാരെ വച്ച് സിനിമകൾ ചെയ്‌ത്‌ ആറ് വർഷക്കാലം അയാൾക്ക് കഴിയേണ്ടി വന്നു. സൂപ്പർ സിനിമകൾ ചെയ്‌ത ഷാഫി പിള്ളേര് കളി സിനിമയിൽ തളയ്ക്കപ്പെട്ടു ആറ് വർഷം. മൊത്തത്തിലൊരു പത്ത് വർഷക്കാലം ഷാഫി അപ്രത്യക്ഷനായിരുന്നു. ഒരു വലിയ നടനെ കഥയുമായി മൂന്ന് വർഷമാണ് ഷാഫി കാത്തിരുന്നത്. ഷാഫിയെ പോലൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമായിരുന്നു അത്.

പിന്നീട് ഞാൻ അറിഞ്ഞത് അദ്ദേഹം വലിയ മദ്യപാനി ആയി മാറിയെന്നാണ്. സച്ചിയും ഷാഫിയും ഒക്കെ കൺട്രോൾ പോയ മദ്യപാനികളായി വളർന്നു എന്ന് ഞാൻ അറിഞ്ഞത് സുഹൃത്ത് പറയുമ്പോഴാണ്. ഷാഫി എന്ന സംവിധായകനോട് തന്റെ പ്രിയപ്പെട്ട താരങ്ങൾ തന്നെ നീതി പുലർത്തിയില്ല എന്ന് ഞാൻ പറയും. ഷാഫിയെ ഒഴിവാക്കി എന്നതാണ് യാഥാർഥ്യം.

content highlight: santhivila-dinesh-about-shafi

Latest News