പരിക്കിൽ നിന്ന് സുഖം പ്രാപിച്ച ശേഷം ആദ്യമായി പൊതുവേദിയിലെത്തി നടൻ സെയ്ഫ് അലി ഖാൻ. തന്റെ പുതിയ ചിത്രമായ ജുവൽ തീഫ്: ദ് ഹീസ്റ്റ് ബിഗിൻസിന്റെ പ്രഖ്യാപന ചടങ്ങിനാണ് സെയ്ഫ് എത്തിയത്. ഇടത് കൈയിൽ ബാൻഡേജ് കെട്ടി നീല ഡെനിം ഷർട്ട് ധരിച്ചാണ് സെയ്ഫിനെ ചിത്രങ്ങളിൽ കാണാനാവുക. സെയ്ഫിന്റെ കഴുത്തിലും ബാൻഡേജ് ഒട്ടിച്ചിരിക്കുന്നത് കാണാം.
നെറ്റ്ഫ്ലിക്സിലൂടെയാണ് ജുവൽ തീഫ് പ്രേക്ഷകരിലേക്കെത്തുക. സെയ്ഫ് അലി ഖാനും ജയ്ദീപ് അഹ്‌ലാവത്തുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുക. ലോകത്തിലെ ഏറ്റവും അപൂർവ വജ്രമായ ആഫ്രിക്കൻ റെഡ് സൺ കവരുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവാനാണെന്നു സെയ്ഫ് പറഞ്ഞു. നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ സുഖവും സന്തോഷവും തോന്നുന്നു. ഈ ചിത്രത്തെക്കുറിച്ച് ഞാൻ ആവേശത്തിലാണ്. സിദ്ധാർഥും ഞാനും ഇതേപ്പറ്റി വളരെക്കാലമായി സംസാരിക്കുന്നുണ്ട്. മോഷ്ടാക്കളുടെ കഥ പറയുന്ന സിനിമ ചെയ്യാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇതു മനോഹരമായ ചിത്രമാണ്.’– സെയ്ഫ് പറഞ്ഞു.
സിദ്ധാർഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി 16നു പുലർച്ചെ ബാന്ദ്രയിലെ വീട്ടിൽ വച്ചാണ് സെയ്ഫിനു മോഷ്ടാവിന്റെ കുത്തേറ്റത്. കഴുത്തിലും കൈയ്യിലും നട്ടെല്ലിനും നടന് പരിക്കേറ്റിരുന്നു. സംഭവത്തിൽ ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം ഷെഹ്സാദ് അറസ്റ്റിലാകുകയും ചെയ്തു.
content highlight; Saif Ali Khan at Public Gathering