ലൊസാഞ്ചലസ്: കഴിഞ്ഞ ദിവസം നടന്ന 2025ലെ ഗ്രാമി പുരസ്കാര ചടങ്ങിൽ ഗായകനും ഡിസൈനറുമായ കാന്യേ വെസ്റ്റും ഭാര്യ ബയാൻക സെൻസോറിയും ആണ് ചർച്ചാവിഷയം ആയത്. അതിന് കാരണം ബയാൻക സെൻസോറിയുടെ വസ്ത്രധാരണം തന്നെയാണ്. ഇത് വലിയ തോതിലുള്ള വിവാദത്തിനാണ് തിരികൊളുത്തിയത്. ഇതിപ്പോൾ തിരിച്ചടിയായിരിക്കുന്നത് റാപ്പർ കന്യേ വെസ്റ്റിന് തന്നെയാണ്. ജപ്പാനിൽ നടത്താനിരുന്ന 20 മില്യൻ ഡോളറിന്റെ സംഗീത പരിപാടി റദ്ദാക്കിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ടോക്കിയോ ഡോമിൽ മേയ് മാസത്തിൽ രണ്ട് സംഗീത പരിപാടികൾ നടത്താനാണ് കന്യേ വെസ്റ്റ് കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ, ഞായറാഴ്ച രാത്രിയിൽ ഗ്രാമി അവാർഡ് വേദിയിൽ ഭാര്യ ബയാൻക സെൻസോറിയുടെ വിവാദപരമായ വസ്ത്രധാരണ രീതിയും പെരുമാറ്റവും നിക്ഷേപകരെ പിന്തിരിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ.
“കന്യേ തന്റെ എല്ലാ അവസരങ്ങളും നശിപ്പിക്കുകയാണ്. അയാളുടെ പ്രവൃത്തി അതിരുകടന്നതാണ്. ജപ്പാനീസ് ജനത ഇപ്പോൾ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിക്കൊണ്ടിരിക്കുകയാണ്. മീ ടു പ്രസ്ഥാനം ഇവിടെ ശക്തമാണ്. അയാൾ ചെയ്ത പ്രവർത്തി അംഗീകരിക്കാനാവില്ല. ജപ്പാന്റെ സംസ്കാരത്തെക്കുറിച്ച് അയാൾ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു” – ടോക്കിയോയില്‍ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരു വർഷമായി കന്യേ ടോക്കിയോയിലെ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. ഈ സംഭവം അമേരിക്കയിലെ സഹപ്രവർത്തകരെയും പിന്തുണക്കാരെയും ചൊടിപ്പിച്ചു. ലൊസാഞ്ചലസിലെ കാട്ടുതീയിൽ വീടുകളും ജീവിതവും നഷ്ടപ്പെട്ടവരെ സഹായിക്കാൻ ചാരിറ്റബിൾ സംഭാവനകൾ ചോദിക്കുന്ന പരസ്യം ബോർഡുകൾക്ക് മുന്നിലാണ് ഇങ്ങനെയൊരു പ്രവൃത്തി നടത്തിയത് എന്നത് അവരുടെ രോഷത്തിന് കാരണമായെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൂർണമായും സുതാര്യമായതും അടിവസ്ത്രം ധരിക്കാത്തതുമായ വസ്ത്രം ധരിച്ചാണ് ബയാൻക ചടങ്ങിൽ പങ്കെടുത്തത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. പല ആളുകളും അവരുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് വന്നു.
കാന്യേ വെസ്റ്റ് കറുത്ത വസ്ത്രം ധരിച്ചപ്പോൾ ബയാൻക കോട്ട് ധരിച്ചിരുന്നു. റെഡ് കാർപെറ്റിൽ എത്തിയ ശേഷം കോട്ട് അഴിച്ചുമാറ്റി ഫൊട്ടോഗ്രഫർമാർക്ക് പോസ് ചെയ്തത് പലരെയും ഞെട്ടിച്ചു. അവരുടെ ഈ പ്രവൃത്തി പല ആളുകൾക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല.
സമൂഹമാധ്യമങ്ങളിൽ ബയാൻകയുടെ വസ്ത്രധാരണത്തിനെതിരെ ഒട്ടറെ പേർ വിമർശനങ്ങൾ ഉന്നയിച്ചു. ഇത് ശരിയല്ലെന്നും ലജ്ജാകരമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. അവരുടെ വസ്ത്രധാരണ രീതി തീർത്തും മോശമായിപ്പോയി എന്ന് പല ആളുകളും അഭിപ്രായപ്പെട്ടു. ബയാൻകയെ ആരെങ്കിലും രക്ഷിക്കണം, ഇത് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് എന്ന് ഒരാൾ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്ന് വാദിക്കുന്നവരും ഉണ്ട്.
മറ്റൊരാൾ “ബയാൻക സെൻസോറിയെ ഈ അവസ്ഥയിൽ കാണേണ്ടി വന്നതിൽ എനിക്ക് വളരെയധികം വിഷമമുണ്ട്” എന്ന് എക്സ് പ്ലാറ്റ്ഫോമിൽ എഴുതി. ഇങ്ങനെ പല ആളുകളും അവരുടെ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.
ബിയോൺസ്, ബില്ലി ഐലിഷ്, ടെയ്‌ലർ സ്വിഫ്റ്റ് തുടങ്ങിയ നിരവധി പ്രമുഖർ പുരസ്കാരങ്ങൾ നേടിയ ചടങ്ങായിരുന്നു 2025 ഗ്രാമി അവാർഡ് നൈറ്റ്.