പകല്‍ പുറത്തേക്കിറങ്ങിയാല്‍ സഹിക്കാന്‍ വയ്യാത്ത ചൂടാണ്. അടിമുടി വിയർപ്പിൽ കുളിക്കുകയാണ് ആളുകൾ. ഈ സമയത്ത് നിരവധി ചർമ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ മുഖത്തിന്റെയും ചർമത്തിന്റെയും ആരോഗ്യം ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിക്കഴിഞ്ഞു. എന്നാൽ അതിനിടയിൽ പലരും മറന്നു പോകുന്നത് പാവം കാലുകളെയാണ്. സ്ഥിരമായി കൈകളും കാലുകളും വ്യത്തിയാക്കി വയ്ക്കുന്നത് അവയുടെ തിളക്കവും ഭംഗിയും കൂട്ടുക മാത്രമല്ല ഒരു വ്യക്തിയുടെ ശുചിത്വത്തെക്കുറിച്ചും പറയുന്നു. വേനൽക്കാലത്ത് കാലുകളും കാൽപാദങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
വേനൽക്കാലം വന്നാൽ ചെരുപ്പിടണോ അതോ സോക്സും ഷൂവും ധരിക്കണോയെന്നൊക്കെയുള്ള ആശയക്കുഴപ്പം പലർക്കും ഉണ്ടാകാറുണ്ട്. കാൽപാദങ്ങൾ പുറത്തു കാണുന്ന രീതിയിലുള്ള ചെരിപ്പു ധരിച്ചാൽ നേരിട്ട് സൂര്യരശ്മികൾ കാലിൽ പതിക്കാനിടയുള്ളതിനാൽ വെയിലേറ്റ് കരുവാളിക്കാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ, നിറയെ വള്ളികളുള്ള ചെരുപ്പ് തിരഞ്ഞെടുക്കാം. പാദ ചർമത്തിന് ശ്വസിക്കാൻ അവസരം ലഭിക്കും, വെയിൽ നേരിട്ട് കാൽപാദങ്ങളിൽ പതിക്കുന്നത് തടയാനും സാധിക്കും. ചിലർക്ക് വേനൽക്കാലത്ത് കൈപ്പത്തിയും കാൽപാദങ്ങളും അമിതമായി വിയർക്കാറുണ്ട്. അപ്പോൾ, സാധാരണ പാദരക്ഷകൾ ധരിക്കുമ്പോൾ വിയർപ്പു കൊണ്ട് ചെരുപ്പ് കാലിൽ നിന്ന് ഊരിപ്പോകാനുള്ള സാധ്യതയുണ്ട്. പിന്നിൽ ബെൽറ്റുള്ള തരം ചെരിപ്പു ധരിച്ചാൽ ഈ പ്രശ്നവും ലളിതമായി പരിഹരിക്കാം.
ചെരുപ്പുകളേക്കാൾ ഷൂസുകൾ ഇഷ്ടപ്പെടുന്നവർ വേനൽക്കാലത്ത് ഷൂസ് ധരിക്കുന്നതിൽ തെറ്റില്ല. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വൃത്തിയുള്ള സോക്സ് ധരിച്ചതിനു ശേഷം ഷൂ ധരിക്കാം. രാവിലെ ഓഫിസിലേക്ക് പുറപ്പെടുമ്പോൾ ധരിക്കുന്ന ഷൂസ് ചിലർ വൈകുന്നേരം വീട്ടിലെത്തുമ്പോൾ മാത്രമേ ഊരി മാറ്റാറുള്ളൂ.പക്ഷേ വേനൽക്കാലത്ത് ഈ ശീലം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. കാലിലെ വിയർപ്പ് സോക്സിൽ പറ്റിയുള്ള ദുർഗന്ധം ഒരു വശത്ത് പ്രശ്നങ്ങളുണ്ടാക്കുമ്പോൾ മറുവശത്ത് ചർമം ശ്വസിക്കാനാവാതെ പ്രയാസപ്പെടും. ഓഫിസിലെത്തിയാൽ ഷൂസ് കുറച്ചു സമയത്തേക്കെങ്കിലും അഴിച്ചു മാറ്റിയാൽ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാം. അപ്പോൾ ചർമത്തിന് ശ്വസിക്കാനുള്ള അവസരം ലഭിക്കുകയും വിയർപ്പു മൂലമുള്ള ദുർഗന്ധം കുറയുകയും ചെയ്യും. ഷൂസ് ധരിച്ചാലും ചെരുപ്പു ധരിച്ചാലും ഒരുപാട് ഇറുക്കമുള്ളതോ ഒരുപാട് അയഞ്ഞതോ അല്ലാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിയർപ്പിന്റെ അസുഖമുണ്ടെന്നു പറഞ്ഞ് വേനൽക്കാലത്ത് കഠിന വ്യായാമങ്ങൾ ഒഴിവാക്കാം. നടപ്പ്, നീന്തൽ പോലുള്ള ലഘു വ്യായാമങ്ങളും കാലുകൾക്കുള്ള മറ്റു ചെറു വ്യായാമങ്ങളും ഉറപ്പായും ചെയ്യണം. കാലിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ ഈ ചെറുവ്യായാമങ്ങൾ സഹായിക്കും. വേനൽക്കാലത്ത് മടിപിടിച്ച് കുത്തിയിരിക്കാതെ അത്യാവശ്യമുള്ള ശാരീരിക ചലനങ്ങൾ ഉറപ്പു വരുത്തുന്നത് കാലിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും മാത്രമല്ല ഹൃദയാരോഗ്യത്തിനും നല്ലതാണ്.
ജോലിയുടെ ഭാഗമായി ദീർഘനേരം നിൽക്കുന്നവരും ഇരിക്കുന്നവരുമാണ് പലരും. വൈകിട്ട് കാലിൽ നീർക്കെട്ടോടെയാകും പലരും മടങ്ങി വരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കാൽ മസിലുകളുടെ വേദനയും നീർക്കെട്ടും കുറയ്ക്കാൻ പത്തുമിനിറ്റ് തണുത്ത വെള്ളത്തിൽ കാൽ മുക്കിവയ്ക്കാം. കാലുകളുടെ ഭംഗി കൂട്ടാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഉപയോഗിക്കേണ്ടത് ചൂടുവെള്ളമാണ്. കല്ലുപ്പും നാരങ്ങാനീരും വീര്യം കുറഞ്ഞ ഷാംപുവും അടങ്ങിയ മിശ്രിതം ചെറുചൂടവെള്ളത്തിൽ കലർത്തി പത്തു മിനിറ്റ് കാൽപാദങ്ങൾ മുക്കിവയ്ക്കണം ശേഷം പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് കാൽപാദങ്ങളിലെ മൃതകോശങ്ങളെ ഉരച്ചു കളയുകയും ബ്രഷ് ഉപയോഗിച്ച് നഖങ്ങളും വിരലുകൾക്കിടയിലുള്ള ഭാഗങ്ങളും വൃത്തിയാക്കുകയും വേണം. അതിനു ശേഷം സാധാരണ വെള്ളമുപയോഗിച്ച് കാൽ നന്നായി കഴുകി, ഉണങ്ങിയ തുണികൊണ്ട് വൃത്തിയായി തുടയ്ക്കണം. ശേഷം നല്ലൊരു മോയ്സചറൈസിങ് ക്രീം ഉപയോഗിച്ച് നന്നായി മസാജ് ചെയ്യാം.
വേനൽക്കാലത്ത് പുറത്തു പോകുമ്പോൾ സൺസ്ക്രീം ഉപയോഗിക്കണമെന്ന് ഇപ്പോൾ മിക്കവർക്കുമറിയാം. എന്നാൽ മുഖത്തും കൈകളിലും സൺസ്ക്രീം പുരട്ടുന്നവർ പോലും കാലുകളെ അവഗണിക്കുകയാണ് പതിവ്. പക്ഷേ സൂര്യതാപത്തിൽ നിന്ന് കാൽപാദങ്ങൾക്ക് സംരക്ഷണം നൽകാൻ തീർച്ചയായും സൺസ്ക്രീം ഉപയോഗിക്കണം. അതു താൽപര്യമില്ലെങ്കിൽ വെയിലത്ത് പുറത്തു പോയി തിരികെയെത്തിയാലുടൻ പാദങ്ങളിൽ തൈര് പുരട്ടാം. വെയിലേറ്റുള്ള കരുവാളിപ്പിൽ നിന്ന് കാലുകളെ സംരക്ഷിക്കാൻ അതുപകരിക്കും. കടലമാവ്, തേൻ, പാൽപ്പാട തുടങ്ങി വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചും കാലുകൾക്ക് സംരക്ഷണമൊരുക്കാം.
പകലോ രാത്രിയോ ആകട്ടെ, പുറത്തു പോയി വന്നാലുടൻ കാലുകൾ നന്നായി കഴുകി വൃത്തിയാക്കി മൊയ്സചറൈസിങ് ക്രീം പുരട്ടാം. കൂടുതൽ വരണ്ട ചർമമുള്ളവർ രാത്രി ഉറങ്ങും മുൻപ് മോയിസ്ചറൈസിങ് ക്രീമോ കറ്റാർ വാഴ ജെല്ലോ പുരട്ടിയ ശേഷം സോക്സ് ധരിക്കാം. രാത്രിയിൽ ചർമം കൂടുതൽ വരളുന്നത് ഒഴിവാക്കാൻ ഈ മാർഗം സഹായിക്കും. വേനൽക്കാലത്ത് ശരീരത്തിലെ വിയർപ്പിലൂടെ ധാരാളം ജലാംശം നഷ്ടപ്പെടുന്നതിനാൽ വെള്ളം നന്നായി കുടിക്കാൻ ശ്രദ്ധിക്കണം.
അരിപ്പൊടി, പഞ്ചസാര, കാപ്പിപ്പൊടി മുതലായവ പാൽ, തൈര്, തേൻ എന്നിവയുമായി യോജിപ്പിച്ച് കാൽപാദങ്ങളിൽ പുരട്ടി നന്നായി മസാജ് ചെയ്യുന്നത് മൃതകോശങ്ങളെ അകറ്റി കാലുകൾ മൃദുലമാകാൻ സഹായിക്കും. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ഇങ്ങനെ ചെയ്യുന്നത് ചർമത്തിന് ഉണർവേകാനും മൃതകോശങ്ങളെ അകറ്റാനും സഹായിക്കും.
കാലുകളും ചെരുപ്പ്, ഷൂ, സോക്സ് എന്നിവയും എല്ലാദിവസവും വൃത്തിയാക്കിയാൽത്തന്നെ ഒരുവിധത്തിൽപ്പെട്ട അണുബാധകളൊന്നും കാൽപാദങ്ങളെ അലട്ടില്ല. സോക്സുകൾ ഒരു തവണത്തെ ഉപയോഗം കഴിഞ്ഞാൽ കഴുകിയുണക്കാൻ ശ്രദ്ധിക്കണം. ചെരുപ്പിലെയും ഷൂസിലെയും പൊടി വൃത്തിയായി കഴുകിക്കളയുകയോ തുടച്ചു കളയുകയോ ചെയ്യാൻ മറക്കരുത്. കാൽപാദത്തിൽ കുമിളകളോ മുറിവുകളോ ഉണ്ടായാൽ സ്വയം ചികിൽസിക്കാൻ നിൽക്കാതെ എത്രയും വേഗം ചർമരോഗവിദഗ്ധരുടെ സേവനം തേടാൻ മടിക്കരുത്.