മഹാകുംഭമേളയിൽ പങ്കെടുക്കാനായി വിവിധ രാഷ്‌ട്രീയ, സാംസ്കാരിക, സാമൂഹ്യ പ്രവർത്തകരും പ്രമുഖ വ്യക്തിത്വങ്ങളും ആണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കുംഭമേളയിൽ പങ്കെടുക്കുന്ന നടി സംയുക്തയുടെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. ഉത്തർപ്രദേശിലെ പ്രയാഗരാജിലെ ത്രിവേണി സംഗമത്തിൽ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങൾ നടി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. വിശാലമായി ജീവിതത്തെ നോക്കികാണുമ്പോഴാണ് അതിന്റെ അർത്ഥം വ്യക്തമാകുന്നതെന്ന് സംയുക്ത പോസ്റ്റിൽ പറയുന്നു.
കറുത്ത കുർത്ത ധരിച്ചാണ് സംയുക്ത കുംഭമേളയ്ക്ക് എത്തിയത്. പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം സംയുക്ത കുറിച്ചത് ഇങ്ങനെ; ‘ജീവിതത്തെ വിശാലമായി കാണുമ്പോൾ അതിൻ്റെ അർത്ഥം നമുക്ക് വെളിപ്പെടുന്നു. മഹാകുംഭത്തിലെ ഗംഗയിൽ ഒരു പുണ്യസ്നാനം പോലെ, ബോധത്തിൻ്റെ പ്രവാഹത്തെ എപ്പോഴും പോഷിപ്പിക്കുന്ന അതിരുകളില്ലാത്ത ചൈതന്യത്തിനുവേണ്ടി ഞാൻ എൻ്റെ സംസ്കാരത്തെ മനസിലാക്കുന്നു’
മോളിവുഡിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സംയുക്ത തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്. 2016ൽ പുറത്തിറങ്ങിയ ‘പോപ്കോൺ’ ആയിരുന്നു ആദ്യ സിനിമ. 2018ൽ റിലീസ് ചെയ്ത ടൊവിനോ ചിത്രം തീവണ്ടിയിലൂടെ ജനശ്രദ്ധ നേടി. ‘ലില്ലി’യിലൂടെ ടൈറ്റിൽ കഥാപാത്രം ചെയ്തും നിരൂപക പ്രശംസ നേടിയിരുന്നു. ബൂമറാംഗ് എന്ന ചിത്രമാണ് നടി ഒടുവിൽ അഭിനയിച്ച മലയാള സിനിമ.