Movie News

‘യഥാര്‍ത്ഥ അജേഷേ, നീയെവിടെ? ബേസില്‍ വിളിക്കുന്നു!’; പറ്റിക്കപ്പെട്ട അജേഷിന് ഇതാ ബേസിലിന്റെ വക കിടിലൻ സമ്മാനം | basil joseph searching for real hero in ponman

ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവകഥയെ കൂടെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിന് വളരെ നല്ല പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കുന്നത്. ഒരു ഫാമിലി ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രം, ജിആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജിആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ബേസില്‍ ജോസഫിനൊപ്പം സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മഥന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്ത ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവകഥയെ കൂടെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 2004-2007 കാലഘട്ടത്തില്‍ കൊല്ലത്തെ ഒരു തീരദേശ പ്രദേശത്ത് നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെട്ട പി.പി അജേഷ് എന്ന ജ്വല്ലറിക്കാരനായ ചെറുപ്പക്കാരന്റെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.

ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തിലെ ആ പി.പി അജേഷിനെ അന്വേഷിക്കുകയാണ് പൊന്‍മാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സ്‌ക്രീനില്‍ പി.പി അജേഷിനെ അവതരിപ്പിച്ച ബേസില്‍ ജോസഫാണ് യഥാര്‍ത്ഥ അജേഷിനെ അന്വേഷിക്കുന്നത്. തങ്ങള്‍ അയാളെ തേടുകയാണ് എന്നും നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും ബേസില്‍ ജോസഫ് വെളിപ്പെടുത്തുന്ന വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അന്ന് പറ്റിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ അജേഷിന് നഷ്ടപെട്ട സ്വര്‍ണ്ണത്തിന്റെ അന്നത്തെ വില, ബേസില്‍ ജോസഫ് അദ്ദേഹത്തിന് നല്‍കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

അജേഷിനെ തേടി പൊന്‍മാന്‍ ടീമിന്റെ പോസ്റ്റ് ഇങ്ങനെ

‘യഥാര്‍ത്ഥ അജേഷേ, നീയെവിടെ? ബേസില്‍ വിളിക്കുന്നു!
അവന്റെ കഥയാണ് ‘പൊന്‍മാന്റെ’ പ്രചോദനം.
സഹോദരാ, നിന്നെ സ്‌ക്രീനിലെ പി പി അജേഷ്, ബേസില്‍ ജോസഫ് അന്വേഷിക്കുന്നു. കടന്നു വരൂ..!’