Celebrities

ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു; ഗുരുതര പരുക്ക്

ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് സിനിമയുടെ ചിത്രീകരണത്തിനിടെ പൊള്ളലേറ്റു. കേസരി വീര്‍; ലെജന്‍ഡ് ഓഫ് സോമനാഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പൊള്ളലേറ്റത്. ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ വിവരം പിതാവ് ആദിത്യ പഞ്ചോളിയും സ്ഥിരീകരിച്ചിട്ടുണ്ട്.

പൊള്ളലേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും എല്ലാം മെച്ചപ്പെട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യ പഞ്ചോളി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പ്രിന്‍സ് ധിമാന്‍ സംവിധാനം ചെയ്ത് കനു ചൗഹാന്‍ നിര്‍മിക്കുന്ന ചിത്രമാണ് കേസരി വീര്‍. ചരിത്ര സിനിമയായി എത്തുന്ന കേസരി വീറില്‍ സുനില്‍ ഷെട്ടി, വിവേക് ഒബ്‌റോയ് എന്നിവരും വേഷമിടുന്നുണ്ട്.

പതിനാലാം നൂറ്റാണ്ടില്‍ പ്രസിദ്ധമായ സോമനാഥ് ക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിരോധിക്കാനായി രംഗത്തിറങ്ങിയവരുടെ കഥയാണ് ചിത്രം പറയുന്നത്. വീര്‍ ഹമിര്‍ജി ഗോഹില്‍ എന്ന പോരാളിയായാണ് സൂരജ് പഞ്ചോളി ചിത്രത്തിൽ അഭിനയിക്കുന്നത്.