മക്കളിൽ രണ്ടാമതായിട്ടുള്ളവരെക്കുറിച്ച് നിരന്തരം നിരവധി കാര്യങ്ങൾ നമ്മൾ വായിക്കാറുണ്ട്. രണ്ടാമത്തെ കുട്ടികൾ വാശിക്കാരായിരിക്കും, അവർ മറ്റു കുട്ടികളെ അപേക്ഷിച്ച് റിബലുകളായിരിക്കും അങ്ങനെയങ്ങനെ. എന്നാൽ, ഈ ആരോപണങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. സഹോദരങ്ങളിൽ നടുവിൽ ജനിച്ച കുട്ടി സത്യസന്ധത, വിനയം, അംഗീകരിക്കാനുള്ള മനസ്സ് എന്നിവ ഉയർന്ന അളവിൽ പ്രകടിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.
കാൽഗറി സർവകലാശാലയിലെ ഗവേഷകരായ മൈക്കൽ സി ആഷ്ടണും കിബിയോം ലീയും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സഹോദരങ്ങളിൽ നടുക്കത്തെയാൾ തങ്ങളുടെ മറ്റുള്ള സഹോദരങ്ങളെ അപേക്ഷിച്ച് ഉയർന്ന തലത്തിലുള്ള സത്യസന്ധതയും വിനയവും പ്രകടിപ്പിക്കുന്നവരെന്നാണ് കണ്ടെത്തൽ. നാഷണൽ അക്കാദമി ഓഫ് സയൻസസിൻ്റെ പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സത്യസന്ധത, ദയ, വിനയം തുടങ്ങിയ നല്ല ഗുണങ്ങൾ നടുവിലുള്ള കുട്ടികളിൽ മറ്റ് സഹോദരങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ജനിക്കുന്ന ക്രമം വ്യക്തിത്വത്തിന് സംഭാവന നൽകുന്നതായി വളരെക്കാലമായി കരുതപ്പെട്ടിരുന്നു. എന്നാൽ, ചില സമീപകാല ഗവേഷണങ്ങൾ ഇത് നിസ്സാരമായിരിക്കാമെന്ന് സൂചിപ്പിച്ചിരുന്നു. സഹോദരങ്ങൾക്ക് ഇടയിൽ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഗവേഷകർ ഹെക്സാകോ വ്യക്തിത്വ പട്ടികയാണ് ഉപയോഗിച്ചത്. ഇതിൽ, സത്യസന്ധത, വിനയം, വൈകാരികത, മനസ്സാക്ഷി തുടങ്ങിയ ആറ് സ്വഭാവവിശേഷങ്ങൾ ആണ് പഠനവിധേയമാക്കിയത്. ലോകമെമ്പാടുമുള്ള 700,000 മുതിർന്നവരെ ഉൾപ്പെടുത്തിയാണ് ആദ്യഗ്രൂപ്പിൻ്റെ ഗവേഷണം നടത്തിയത്. രണ്ടാമത്തെ ഗ്രൂപ്പിൽ 70,000 പേരെയാണ് ഉൾപ്പടുത്തിയത്. രണ്ടു ഗ്രൂപ്പുകളിലും മധ്യനിരയിലുള്ള കുട്ടികൾ സത്യസന്ധത, വിനയം എന്നിവയിൽ മുൻനിരയിൽ എത്തി. കൂടുതൽ സഹോദരങ്ങൾ ഉള്ളവർ കൂടുതൽ സത്യസന്ധരാണെന്നും പഠനത്തിൽ കണ്ടെത്തി.
ഒറ്റകുട്ടികൾക്കും പ്രത്യേകതകളുണ്ട്. സഹോദരങ്ങൾ ഉള്ളവരേക്കാൾ ഒറ്റകുട്ടികൾ തുറന്ന മനസ്സുള്ളവരാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ജനനക്രമവും സഹോദരങ്ങളുടെ എണ്ണവും വ്യക്തിത്വത്തിൽ സ്വാധീനം ചെലുത്തുന്നില്ലെന്ന സമീപകാല ഗവേഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇവരുടെ കണ്ടെത്തലുകൾ. അതേസമയം, നടുവിലെ കുട്ടികളുടെ വ്യക്തിത്വപ്രഭാവം വ്യക്തമാകുന്നതിന് കൂടുതൽ ഗവേഷണങ്ങൾ ഇനിയും വേണ്ടി വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.
contnet highlight: New study of middle child