ചെറുപ്പക്കാരില്‍ വരെ ഹൃദയാഘാതം വര്‍ധിച്ച ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അടുത്തകാലത്തായി തൊഴിലിടങ്ങളില്‍ വന്ന മാറ്റങ്ങള്‍ യുവാക്കളുടെ ജീവിതരീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജോലി സമയത്തിലെ വർധനവ്, നൈറ്റ് ഷിഫ്റ്റ്, ജോലി തീർക്കാനുള്ള സമയപരിധി എന്നിവയെല്ലാം ചെറുപ്പക്കാര്‍ക്കിടയില്‍ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. സമയം നോക്കാതെ ഇത്തരത്തില്‍ പണിയെടുക്കുന്നത് ഒടുവില്‍ ആരോഗ്യത്തിന് ഇരട്ടി പണിയാവും.
പതിവായി ജോലി സമയം നീണ്ടു പോകുന്നത് മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കും. ഏകാഗ്രത, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് എന്നിവ കാലക്രമേണ ഈ രീതി കുറയ്ക്കാന്‍ കാരണമാകും. ചില തൊഴിലുകളിൽ ഇതു ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. കൂടാതെ ഉത്കണ്ഠ, വിഷാദം, പിരിമുറുക്കം എന്നിവയിലേക്ക് ആളുകളെ എത്തിക്കാം.
സമയം നോക്കാതെ ഇത്തരത്തില്‍ പണിയെടുത്തു കൊണ്ടിരിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കും. ഇത് പലതരത്തിലുള്ള രോഗങ്ങള്‍ക്കും അണുബാധയ്ക്കുമുള്ള സാധ്യതയും വർധിപ്പിക്കാം.
ഉറക്കമില്ലായ്മ, പകൽ സമയത്തെ ക്ഷീണം, മറ്റ് ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്കും നീണ്ട ജോലി സമയം നയിച്ചേക്കാം. ദീർഘകാലമുള്ള ഉറക്കക്കുറവ് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, വൈജ്ഞാനിക പ്രവർത്തനത്തിലെ തകരാറുകൾ, സ്ലീപ് അപ്നിയ പോലുള്ള ഉറക്ക തകരാറുകൾക്കും അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള സാധ്യത ഇത് വർധക്കുന്നു.
ദീർഘനേരം ജോലി ചെയ്യുന്നത് ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദം എന്നിവയുൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കും. ദീർഘനേരം ഇരുന്നുള്ള ജോലി, മാനസിക സമ്മർദം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയെല്ലാം ഈ അപകടസാധ്യത വർധിപ്പിക്കുന്നതിന് കാരണമാകും.
ദീർഘനേരം ജോലി ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാക്കും. പ്രത്യേകിച്ച് ഇതിനകം തന്നെ അപകടസാധ്യതയുള്ള വ്യക്തികളിൽ. ശരീരികമായ പ്രവര്‍ത്തനങ്ങളുടെ അഭാവം ഇത്തരക്കാരില്‍ വര്‍ധിക്കും. ഇത് പ്രമേഹം, മെറ്റബോളിക് സിൻഡ്രോം, അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു.
ദീർഘനേരം ജോലി ചെയ്യുന്നവരിൽ വന്ധ്യത, ഗർഭം അലസൽ, ജനന വൈകല്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രത്യുൽപാദന പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വിട്ടുമാറാത്ത സമ്മർദം ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും പ്രത്യുൽപാദനക്ഷമതയിലും ഗർഭധാരണത്തിലും തടസമുണ്ടാക്കുകയും ചെയ്യുന്നു.
ദീർഘനേരം ജോലി ചെയ്യുന്നത് നിങ്ങളെ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് നയിക്കും. പുരുഷന്മാരിലും സ്ത്രീകളിലും ചര്‍മത്തില്‍ ചുളിവുകൾ, നരച്ച മുടി, വാർദ്ധക്യസഹജമായ രോഗങ്ങൾ എന്നിവയുൾപ്പെടെ അകാല വാർദ്ധക്യത്തിന് കാരണമാകും. വിട്ടുമാറാത്ത സമ്മർദ്ദം വാർദ്ധക്യ പ്രക്രിയയെ ത്വരിതപ്പെടുത്തും.
content highlight: long hours work