2009 ലായിരുന്നു മീന വിവാഹിതയാവുന്നത്. സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായിരുന്ന വിദ്യാസാഗറായിരുന്നു മീനയുടെ ഭര്‍ത്താവ്. ശേഷം നടി ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി. മകള്‍ ജനിച്ചതിന് ശേഷം വീണ്ടും മീന അഭിനയത്തില്‍ സജീവമായി. ഇതിനിടയില്‍ മീനയുടെ മകള്‍ നൈനികയും സിനിമയില്‍ അഭിനയിച്ചു. ഇളയദളപതി വിജയുടെ മകളുടെ വേഷത്തില്‍ തെറി എന്ന സിനിമയിലായിരുന്നു നൈനിക ആദ്യമായി അഭിനയിക്കുന്നത്.
സൂപ്പർതാര സിനിമകളിലാണ് മീന ഇപ്പോഴും അഭിനയിക്കാറുള്ളത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെ മലയാളത്തിലും തെലുങ്കിലും നടി അഭിനയിച്ചു. ഇതിനുപുറമേ മലയാളത്തിൽ ബ്രോ ഡാഡി എന്ന സിനിമയിൽ ഗംഭീര പ്രകടനം കാഴ്ചവച്ചു. ആനന്ദപുരം ഡയറീസ് എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയാണ് കഴിഞ്ഞവർഷം നടിയുടേതായി വന്ന ചിത്രം. റൗഡി ബേബി എന്ന തമിഴ് സിനിമയാണ് ഇനി വരാനിരിക്കുന്ന മീനയുടെ പുതിയ സിനിമ. ഇതിനൊപ്പം ടെലിവിഷൻ പരിപാടികളിൽ വിധികർത്താവായിട്ടും മറ്റ് പരിപാടികളിലും ഒക്കെ നടി സജീവ സാന്നിധ്യമാണ്.
താൻ സിനിമയില്‍ അഭിനയിച്ച അതേ പ്രായത്തിലാണ് തന്റെ മകളും സിനിമയിലേക്ക് വരുന്നതെന്ന് പറയുകയാണ് മീന ഇപ്പോൾ. പ്രതീക്ഷിച്ചതിലും ആ ചിത്രം വലിയൊരു ബ്രേക്ക് ആയി. അതിലൂടെ ഒത്തിരി പേരും പ്രശംസയുമൊക്കെ ലഭിച്ചു. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ആന്ധ്രയില്‍ നിന്നുമൊക്കെ അവള്‍ക്ക് നല്ല പിന്തുണ ലഭിച്ചു. അമ്മയുടെ ചരിത്രം ആവര്‍ത്തിക്കുകയാണോ എന്ന് ചോദിച്ചാല്‍ തനിക്കത് പറയാന്‍ സാധിക്കില്ലെന്നാണ്,’ മീന പറയുന്നത്.
നടന്‍ മോഹന്‍ലാലിനൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീന. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും വിവാഹശേഷം തിരികെ വന്നതിനെ പറ്റിയുമൊക്കെയാണ് മീന മനസ് തുറന്നത്. ഒപ്പം മകള്‍ നൈനികയെ പറ്റിയും നടി സംസാരിച്ചിരുന്നു.
‘നാലര വയസായപ്പോഴെക്കും ഞാന്‍ സിനിമയിലേക്ക് എത്തി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴെക്കും ഞാന്‍ ഹീറോയിനായി. പഠിക്കുന്ന സമയത്തൊക്കെ ഞാന്‍ സിനിമയുടെ ലൊക്കേഷനുകളിലായിരിക്കും. എന്റെ ജീവിതം മുഴുവനും തന്നെ സിനിമയിലായിരുന്നു. വേറെ ഒന്നും എനിക്ക് അറിയില്ല. കല്യാണത്തിന് ശേഷം ചെറിയ ഇടവേള എടുത്തപ്പോള്‍ എനിക്ക് ബോറടിച്ചെന്ന് പറയാം. കാരണം എനിക്ക് വേറൊന്നും ചെയ്യാന്‍ അറിയില്ലായിരുന്നു.
വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വരുമെന്നോ നായികയാവുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. അത് പ്രതീക്ഷിക്കാതെ സംഭവിച്ചതാണ്. ആ കാര്യത്തില്‍ താൻ ഭാഗ്യവതിയാണെന്നും മീന പറഞ്ഞു.
content highlight: meena-reveals-her-life