കൊച്ചി: ജൂൺ 1 മുതൽ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം എന്നാണ് ആവശ്യം. താരങ്ങളുടെയടക്കം വലിയ പ്രതിഫലം കുറയ്ക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെടുന്നുണ്ട്. മലയാള സിനിമ വൻ പ്രതിസന്ധിയിലാണെന്ന് ചലച്ചിത്ര നിർമ്മാതാവ് ജി സുരേഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചു.
176 ചിത്രങ്ങൾ കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. ജനുവരിയിൽ മലയാള സിനിമയുടെ തിയറ്റർ നഷ്ടം 101കോടിയെന്ന് നിർമാതാക്കൾ പറഞ്ഞു. തിയറ്ററിൽ റിലീസായ 28ചിത്രങ്ങളിൽ നേട്ടമുണ്ടാക്കിയത് രേഖാചിത്രം മാത്രമാണ്. കണക്കുകൾ പുറത്തുവിട്ടാണ് നിർമ്മാതാക്കളുടെ വിശദീകരണം. സിനിമാനിർമാണ ചെലവിന്റെ 60ശതമാനവും താരങ്ങൾക്കുൾപ്പെടെ പ്രതിഫലം നൽകാനാണ് ചെലവിടുന്നത്. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമ എടുക്കാൻ സാധിക്കുന്നില്ല. താരങ്ങളുടെ പ്രതിഫലം മലയാള സിനിമക്ക് താങ്ങവുന്നതിലും അപ്പുറമാണ്. അവർക്കൊന്നും ഒരു ആത്മാർത്ഥതയും ഇല്ല.
സാങ്കേതിക പ്രവർത്തകരിൽ 60 ശതമാനവും പട്ടിണിയിലാണ്. സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. ഒടിടി കച്ചവടം നടക്കുന്നില്ല. ഒടിടി ആർക്കും വേണ്ട. സിനിമ നന്നായാൽ ഒടിടി ഒരു തുക പറയും. അതിൽ സിനിമ എടുക്കും. 6 മാസം കൊണ്ടും 10 മാസം കൊണ്ടുമാണ് അത് കിട്ടുന്നത്. ജൂൺ ഒന്ന് മുതൽ പൂർണമായും സിനിമ നിർത്തുമെന്നുള്ളത് സംയുക്തമായ തീരുമാനമാണ്. നിർമാണവും ഇല്ല പ്രദർശനവും ഇല്ല. പുതിയതാരങ്ങളും സംവിധായകരും കോടികളാണ് ചോദിക്കുന്നത്. 30 ശതമാനം നികുതി അടച്ച് ഏതെങ്കിലും വ്യവസായം മുന്നോട്ട് പോകാൻ സാധിക്കുമോ?
താരങ്ങൾ നിർമ്മിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ല. 50 ദിവസംകൊണ്ട് തീർക്കേണ്ട സിനിമകൾ 150 ദിവസംവരെ പോകുന്നു. താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തിന്റെ പത്ത് ശതമാനം പോലും തിയേറ്ററിൽ സിനിമകൾ നേടുന്നില്ല. നിർമാതാവിന് 100 കോടി കിട്ടിയ ഒരു സിനിമ പോലും മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സിനിമാസമരം നടത്താനുള്ള തീരുമാനത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജി സുരേഷ് കുമാർ
content highlight: cinema-strike-from-june-1