സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിൽ നടൻമാർക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തിരുന്നു. നടന്മാരായ ബിജു സോപാനം, എസ്.പി.ശ്രീകുമാർ എന്നിവർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.
ഉപ്പും മുളകിലെ പുതിയ കഥാപാത്രമായ ഉണ്ണിമായയാണ് പരാതി നൽകിയ നടി എന്ന തരത്തിൽ പല വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ശ്രീകുമാർ അവതരിപ്പിക്കുന്ന കുട്ടുമാമൻ എന്ന കഥാപാത്രത്തിൻ്റെ ഭാര്യ ആയാണ് ഉണ്ണിമായ പരമ്പരയിൽ എത്തിയത്.
വിവാദങ്ങൾക്കു മറുപടി നൽകിക്കൊണ്ട് നടി തന്നെ രംഗത്തു വന്നിരിക്കുന്നു. ബിജു സോപാനത്തിനും, ശ്രീകുമാറിനും എതിരെ പരാതി നൽകിയത് താനല്ലെന്നാണ് ഗൗരി ഉണ്ണിമായ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിൽ താൻ വിട്ടു നിന്നിരുന്നു, ഒരു യാത്ര പോയതുകൊണ്ടായിരുന്നുവെന്നാണ് ഉണ്ണിമായ വ്യക്തമാക്കുന്നത്.
”ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്, ഇന്നലെ ഒരു ന്യൂസ് പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് കോളും മെസേജും, പലയിടത്തും എനിക്കെതിരെ ഹേറ്റും പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് വ്യക്തമായിട്ട് പറയണം. എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല.” ഉണ്ണിമായ പറഞ്ഞു
”എന്നാൽ പലരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്താണ് എപ്പിസോഡിലൊന്നും ഇല്ലാത്തത്? അതിന് കാരണം മറ്റൊന്നുമല്ല. ഞാൻ ഒരു ട്രിപ്പ് പോയിരിക്കുകയായിരുന്നു, ഷിംല വരെ. തിരിച്ചു വന്ന ഉടൻ ഞാൻ റീജോയിൻ ചെയ്തു. 24 വരെയുള്ള എപ്പിസോഡിൽ ഞാനും ഭാഗമാണ്. അതുകൊണ്ടാണ് ഞാൻ എപ്പിസോഡുകളിൽ ഇല്ലാതിരുന്നത്. ഇനി ടെലികാസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ ആ എപ്പിസോഡുകളിലും ഞാൻ ഉറപ്പായും ഉണ്ടാകും.” ഉണ്ണിമായ കൂട്ടിച്ചേർത്തു.
ഇപ്പോഴിതാ ആ സമയത്ത് തങ്ങൾ നേരിട്ട ചോദ്യങ്ങളെ കുറിച്ചും വിഷമങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് വൺ ടു ടോക്കിന് നൽകിയ അഭിമുഖത്തിൽ ഗൗരിയും മാതാപിതാക്കളും. കേസിനുശേഷം വന്ന ഉപ്പും മുളകും എപ്പിസോഡുകളിൽ ബാലുവായി അഭിനയിക്കുന്ന ബിജു സോപാനവും നീലുവായി അഭിനയിക്കുന്ന നിഷ സാരംഗും മാമനായി അഭിനയിക്കുന്ന ശ്രീകുമാറുമില്ല.
അവർ ഇനി തിരിച്ച് വരുമോ അതോ ഉപ്പും മുളകും അവസാനിക്കുമോ എന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും ആരാധകർക്കിടയിൽ നടക്കുന്നുണ്ട്. തനിക്ക് ഉപ്പും മുളകും സെറ്റിൽ വെച്ച് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഗൗരി സംസാരിച്ച് തുടങ്ങുന്നത്. അന്നത്തെ വിഷയത്തിൽ മാനിപ്പുലേറ്റ് ചെയ്ത് ഒരുപാട് വീഡിയോകൾ വന്നു. സെറ്റിൽ ആരും ഇതുവരെ എന്നോട് മോശമായി പെരുമാറിയിട്ടില്ല.
അതുകൊണ്ട് തന്നെ അവരെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ബാഡാകും. ബാലു, നീലു, ശ്രീക്കുട്ടൻ അവരൊക്കെ ഇനി വരുമോയെന്ന് എനിക്ക് അറിയില്ല. ഉപ്പും മുളകിന്റെ ഭാഗമായശേഷമാണ് ഞാൻ ആ പരിപാടി കണ്ട് തുടങ്ങിയത്. അവരുണ്ടെന്ന് പറഞ്ഞല്ലല്ലോ ഞാൻ വരുന്നത്. എല്ലാ ആർട്ടിസ്റ്റിനേയും ഞാൻ ഒരേ രീതിയിൽ റെസ്പെക്ട് ചെയ്യുന്നു. ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് ചാനലിനേയും ക്രൂ മെമ്പേഴ്സിനേയുമാണ്.
അവർ പറയുന്നതേ എനിക്ക് അറിയുകയുള്ളു. എന്നെ ബാധിക്കാത്ത ഒരു വിഷയത്തിലും ഞാൻ ഇടപെടാറില്ല. ഡീറ്റെയ്ലായി ഒന്നും ചോദിക്കാനും പോകാറില്ല. ബാലുവും നീലുവും തിരിച്ച് വരുമോയെന്ന് അറിയില്ലെന്നുമാണ് ഗൗരി പറഞ്ഞത്. പിന്നീട് ഗൗരിയുടെ പിതാവാണ് സംസാരിച്ചത്. മോളാണ് ആ പെൺകുട്ടി എന്ന തരത്തിൽ പ്രചരിച്ചപ്പോൾ എനിക്കൊന്നും തോന്നിയില്ല. എന്റെ ചില കൂട്ടുകാരൊക്കെ ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ഇട്ട് തന്നിരുന്നു.
മോൾ ആ സമയത്ത് ഇവിടെ ഇല്ലായിരുന്നു. അവർ ചോദിച്ചപ്പോഴും എനിക്കൊന്നും പ്രത്യേകിച്ച് പറയാനുണ്ടായിരുന്നില്ല. അവൾ ആ വിഷയത്തിൽ മറുപടി കൊടുത്തതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഷീബയ്ക്ക് (ഗൗരിയുടെ അമ്മ) ഭയങ്കര ടെൻഷനും സങ്കടവുമായിരുന്നു എന്നാണ് അച്ഛൻ പറഞ്ഞത്. നമ്മളെ വിളിക്കാത്തവർ പോലും വിളിച്ചു. മോളെ പീഡിപ്പിച്ചുവെന്ന് വാർത്ത വന്നുവെന്ന തരത്തിൽ സംസാരിച്ചു.
നേരിട്ട് ചോദിക്കുകയല്ല എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന തരത്തിൽ ചോദിക്കുകയാണ് അവർ ചെയ്തത്. സംഭവം ഞാൻ അറിഞ്ഞിരുന്നില്ല. റിലേറ്റീവ് കുട്ടി പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്. മോൾ എല്ലാ ദിവസവും വിളിച്ച് വിശേഷങ്ങൾ പറയുന്നയാളാണ്. അതുകൊണ്ട് ഇക്കാര്യം ഞാൻ വിളിച്ച് ചോദിച്ചു. അപ്പോഴാണ് മോളും ഇങ്ങനെ പ്രചരിക്കുന്നുണ്ടെന്ന് അറിഞ്ഞത്. അതൊക്കെ അവിടെ നടക്കുമെന്ന് പറഞ്ഞ മോൾ അത് അവിടെ കളഞ്ഞു.
പിറ്റേദിവസം മുതൽ മോൾക്ക് ഇതിന്റെ പേരിൽ കുറേ കോളുകൾ വന്നുവെന്ന് പറഞ്ഞു. നീ അല്ലെങ്കിൽ അത് പറഞ്ഞേക്കാൻ ഞാനും പറഞ്ഞു. കുറേപ്പേർ കഥകൾ മെനയുമല്ലോ. പൈസയ്ക്ക് മോളെ വിട്ടേക്കുകയാണെന്ന തരത്തിൽ വരെ സംസാരങ്ങളുണ്ടായി. പക്ഷെ ഇപ്പോഴും ഞങ്ങൾ പറയട്ടേ പൈസയ്ക്ക് വേണ്ടിയല്ല മോളെ അഭിനയിക്കാൻ വിട്ടത്.
മോളെ വിട്ടിട്ട് അവളുടെ കാശുകൊണ്ട് ജീവിക്കുന്നതിനെ കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ടില്ല. അതിന്റെ ആവശ്യവുമില്ല. ചെയ്യാൻ പറ്റുന്നതെല്ലാം അവൾക്ക് ഞങ്ങൾ എല്ലാക്കാലത്തും ചെയ്ത് കൊടുക്കും. എന്തും സഹിച്ച് നിൽക്കണമെന്ന് മോളോട് പറഞ്ഞിട്ടില്ലെന്നുമാണ് അമ്മ ഷീബ പ്രതികരിച്ച് പറഞ്ഞത്.
content highlight: gouri-unnimaya-and-family-reacted-to-uppum-mulakum