ജി.ആർ. ഇന്ദുഗോപന്റെ തിരക്കഥയിൽ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊന്മാൻ’ സിനിമയെ പ്രശംസിച്ച് തമിഴ് സൂപ്പർ താരം വിക്രം. ചിത്രം കണ്ട് ഏറെയിഷ്ടപെട്ട വിക്രം സംവിധായകൻ ജ്യോതിഷ് ശങ്കറിനെ വിളിച്ച് അഭിനന്ദിക്കുകയും വൈകാതെ തന്നെ ചിത്രത്തിൻ്റെ ടീമിനെ നേരിൽ കാണാം എന്നും വിക്രം പൊൻമാൻ ടീമിനെ അറിയിച്ചിട്ടുണ്ട്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം പ്രദർശനം തുടരുകയാണ്.
കല, കായിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പല പ്രമുഖ വ്യക്തികളും സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ അറിയിച്ച് രംഗത്തുവന്നിരുന്നു. ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പൊൻമാൻ. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയുടെ തീരദേശത്ത് നടന്ന ഒരു വിവാഹവും അതുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെടുകയും ചെയ്ത അജേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ അജേഷ് എന്ന കഥാപാത്രത്തെയാണ് ബേസിൽ ജോസഫ് അവതരിപ്പിക്കുന്നത്. നായികയായി ലിജോമോൾ ജോസ്, സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ എന്നിവരും ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
STORY HIGHLIGHT: chiyaan vikram appreciates ponman malayalam movie