സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പരിഹാസവും അപമാനവും നേരിടേണ്ടി വരുന്നവരാണ് സിനിമാതാരങ്ങൾ. അങ്ങനെ താരങ്ങളെ പരിസഹിച്ചുകൊണ്ടുള്ള വിഡിയോയ്ക്കു താഴെ നടൻ പ്രശാന്ത് അലക്സാണ്ടർ നല്‍കിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മലയാള സിനിമയിലെ ഫീല്‍ഡ് ഔട്ട് ആയ നടൻമാർ എന്ന അടിക്കുറിപ്പോടു കൂടിയ വിഡിയോയ്ക്ക് താഴെയാണ് പ്രശാന്തിന്റെ മറുപടി.
മണിക്കുട്ടൻ, കൈലാഷ്, ഭഗത് മാനുവല്‍, രജിത് മേനോൻ, മഞ്ജുളൻ, റോഷൻ, നിഷാൻ എന്നിവരടങ്ങുന്ന നടൻമാർ ഫീല്‍ഡ് ഔട്ട് ആയി എന്നാണ് ഈ വിഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ‘മരിക്കുന്നത് വരെ ഒരാൾ ഫീൽഡ് ഔട്ട് ആയി എന്ന് വിധി എഴുതാൻ പറ്റില്ല. പ്രത്യേകിച്ചും സിനിമയിൽ.. 2002 ൽ ഫീൽഡ് ഔട്ട് ആയ നടൻ ഫഹദ് ഫാസിൽ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നത് ചിന്തിക്കണം. ജീവിതത്തിനോടും വിധിയോടും പോരാടി പാഷന്റെ പിന്നാലെ സഞ്ചരിക്കുന്ന പോരാളികളുടെ മനോവീര്യം കെടുത്തുന്ന ഇത് പോലെയുള്ള പോസ്റ്റുകൾ ഇടുന്നവർ, എന്ത് ലാഭത്തിന് ഇത് പോലെയുള്ള പോസ്റ്റുകൾ ഇടുന്നവർ, എന്ത് ലാഭത്തിന് വേണ്ടി ആണെങ്കിലും, മനോരോഗികൾ ആണ്. നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നു.’ പ്രശാന്ത് അലക്സാണ്ടർ കുറിച്ചു.
പ്രശാന്തിന്റെ മറുപടിക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഒരാളെക്കുറിച്ച് വിധി പറയാൻ നമ്മളാരുമല്ലെന്നും ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന പലരും ഇന്ന് സിനിമയിൽ സജീവമാണെന്ന് പ്രേക്ഷകരും പറയുന്നു.
STORY HIGHLIGHT: prasanth alexander